എറണാകുളം: കൊച്ചി തീരക്കടലിൽ നിന്നും ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര കള്ളക്കടത്ത് സംഘമായ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ഇറാനിയൻ ബോട്ടിൽ നിന്നും നാവികസേന പിടിച്ചെടുത്ത 200 കിലോ ഹെറോയിൻ പാകിസ്ഥാനിൽ നിന്നാണ് എത്തിയതെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ (ഓപ്പറേഷൻസ്) സഞ്ജയ് കുമാർ സിങ് പറഞ്ഞു. ഹെറോയിൻ ശ്രീലങ്കയിൽ എത്തിക്കുകയായിരുന്നു മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെ ലക്ഷ്യം.
ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ നടുക്കടലിൽ വച്ച് ഇറാനിയൻ ബോട്ടിലേക്ക് കൈമാറി കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. ഇത് കൈമാറാൻ ലക്ഷ്യമിട്ടിരുന്ന ശ്രീലങ്കൻ ബോട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിടികൂടിയ ഹെറോയിൻ അഫ്‌ഗാൻ നിർമിതമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഹെറോയിൻ അഫ്‌ഗാനിസ്ഥാനിൽ നിർമിച്ചതാണെന്നാണ് ചില പാക്കറ്റുകളിൽ ഡ്രാഗൺ സീലുണ്ട്. വെള്ളം കടക്കാത്ത രീതിയിലായിരുന്നു പാക്കിങ്ങ്. ഹാജി സലിം ഗ്രൂപ്പിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. നേരത്തെ രണ്ട് തവണ ഈ സംഘത്തിൽപ്പെട്ടവർ കൊച്ചി തീരക്കടലിൽ പിടിയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ 1200 കോടി രൂപയാണ് വില കണക്കാക്കുന്നത്. പിടിയിലായ ആറ് പേരും ഇറാൻ പൗരന്മാരാണ്. ഇവരിൽ നിന്ന് സാറ്റലൈറ്റ് ഫോൺ ഉൾപ്പടെ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സഞ്ജയ് കുമാർ സിങ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.