എറണാകുളം: ജില്ലയിൽ ആരോഗ്യപ്രവർത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്. ഞായറാഴ്‌ച പുതുതായി നാല് പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എറണാകുളം മെഡിക്കൽ കോളജിൽ മൂന്ന് പേരും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളെയുമാണ് പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 29 ആയി.
ജില്ലയില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരും ആറ് പേർ എറണാകുളം സ്വദേശികളും രണ്ട് പേർ കണ്ണൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്.
ജില്ലയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ള എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവിന്‍റെ സാമ്പിൾ പരിശോധനയിൽ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ആശുപത്രികളിലും, വീടുകളിലുമായി 5730 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം ഞായറാഴ്‌ച ലഭിച്ച 38 സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവാണ്. ഇന്ന് വീണ്ടും 26 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 45 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്.