കൊച്ചി: കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും നിയന്ത്രണ വിധേയമാക്കാൻ ജൂലൈ മാസവും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. ചില ജില്ലകളിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി കൂടുതലായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം 264 പേർക്ക് ഡെങ്കി സാധ്യത കണ്ടെത്തി. ഇതിൽ 104 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കി പ്രതിരോധിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളിൽ ശക്തമാക്കാനുണ്ട്. തൃക്കാക്കര, അങ്കമാലി, കോതമംഗലം പെരുമ്പാവൂർ, നോർത്ത് പറവൂർ തുടങ്ങിയ ഹൈ റിസ്ക് ഏരിയ നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഐക്കരനാട് പഞ്ചായത്തിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ കണ്ടെത്തിയിരുന്നു. അങ്കമാലി നഗരസഭ, കുട്ടമ്പുഴയിലെ വിവിധ കോളനികൾ എന്നീ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങൾ ജില്ലാതല സംഘം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 13ന് നടക്കുന്ന ക്ലീൻ എറണാകുളം യജ്ഞത്തിൽ ആരോഗ്യ വകുപ്പ് കൂടി പങ്കാളിയാവണമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് അഭ്യർഥിച്ചു. ആരോഗ്യ ജാഗ്രത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കൽ ഓഫീസർ എൻ കുട്ടപ്പൻ, അസി. ഡിഎംഒ എസ് ശ്രീദേവി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ മാത്യൂസ് നുമ്പേലി എന്നിവര്‍ പങ്കെടുത്തു.