എറണാകുളം: ബത്തേരി സർവ്വജന സ്കൂളിലെ വിദ്യാർഥി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായ ഷജിൻ, വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടർ ജിസ മെറിൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിദ്യാർഥിക്ക് പാമ്പുകടിയേറ്റപ്പോൾ മന:പ്പൂർവമായി ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചില്ലെന്നാണ് പ്രതികൾ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന വാദം.
അതേസമയം വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും മറുപടി നൽകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പാമ്പുകടിയേറ്റ് ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ വയനാട് ജില്ല ജഡ്ജി സ്കൂളിൽ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് നൽകിയിരുന്നു. പാമ്പുകടിയേറ്റ വിദ്യാർഥിനിക്ക് അധ്യാപകർ പ്രഥമശുശ്രൂഷ നൽകിയില്ലെന്നും പിതാവ് വരുന്നതുവരെ ഷഹല സ്കൂളിൽതന്നെ കാത്തിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നവംബർ മാസം ഇരുപത്തിയൊന്നാം തീയതിയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഷഹല ഷെറിന് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റത്. എന്നാൽ കുട്ടിയുടെ പിതാവ് സ്കൂളിൽ എത്തിയതിന് ശേഷം ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. പിന്നീട് പിതാവ് സ്കൂളിൽ എത്തിയ ശേഷം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ചികിത്സാസൗകര്യങ്ങൾ പരിമിതമായതിനാൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കുട്ടി ചർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അവിടെ എത്തുന്നതിനു മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു.