എറണാകുളം : ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കി നൽകിയ പോലീസ് റിപ്പോര്‍ട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. അഡ്വ ബിജു നോയലാണ് ഹർജി നൽകിയത്.
അന്വേഷണം സിബിഐക്കോ കേരളത്തിന് പുറത്തുള്ള കർണാടക പൊലീസിനോ കൈമാറണം എന്നാണാവശ്യം. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിക്ക് കൈമാറിയതെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ജൂലൈ 3ന് പത്തനംതിട്ട മല്ലപ്പള്ളിയിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം. ഇതേ തുടര്‍ന്ന് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.