എറണാകുളം: സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി. കോടതിയുടെ ഉത്തരവ് ഇന്നുമുതൽ നടപ്പിലാക്കിയേക്കും. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പോകാമെങ്കിലും തീർഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിൽ ചൂണ്ടികാട്ടുന്നു. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
പമ്പയിലെ പാർക്കിങ് സ്ഥലങ്ങളുടെ അപര്യാപ്തത പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. എന്നാൽ ജില്ലാ പൊലീസ് സൂപ്രണ്ട് നൽകിയ പ്രസ്താവന ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ച് ഹർജി ഇന്ന് പരിഗണിക്കവെ വാഹനങ്ങൾ കടത്തി വിടുന്നതിന് അനുകൂലമായ നിലപാട് സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് സ്വകാര്യവാഹനങ്ങൾ കടത്തിവിടാനുള്ള അനുമതി കോടതി നൽകിയത്.