എറണാകുളം: വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷരം മന്ത്രം കുറിയ്ക്കൽ ഏത് വിധത്തിലാകണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം പൂർണമായും രക്ഷിതാക്കൾക്കെന്ന് ഹൈക്കോടതി. രക്ഷിതാക്കൾ തെരഞ്ഞെടുക്കുന്ന ആദ്യാക്ഷര മന്ത്ര പ്രകാരം മാത്രമെ വിദ്യാരംഭം നടത്താവൂയെന്നും നിര്‍ദേശം. മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മിറ്റി ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി (HC Order On Commencement Ceremony).
വിദ്യാരംഭ ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ തരം മന്ത്രങ്ങള്‍ ചേര്‍ത്ത് മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റി നോട്ടിസ് ഇറക്കിയിരുന്നു. ഇത്തരത്തില്‍ വിദ്യാരംഭം നടത്തുന്നതിനായി രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റി നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ എറണാകുളം സ്വദേശി കെ.ആർ മഹാദേവൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്‍ക്ക് പുറമെ ഹരിശ്രീ ഗണപതയേ നമ: യേശുവേ സ്‌തുതി, അള്ളാഹു അക്ബർ, അച്ഛന്‍, അമ്മ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടിസാണ് രക്ഷിതാക്കള്‍ക്ക് നല്‍കിയത് (Commencement Ceremony). ഇത്തരം സംഭവത്തിലൂടെ കുട്ടികളെ അവരുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രാര്‍ത്ഥനകള്‍ എഴുതാനും ചൊല്ലാനും നിര്‍ബന്ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത് (Mattannur Vidhyarambam Ceremony).
ഇത് നിർബന്ധിതമായി കുട്ടികളെ കൊണ്ട് എഴുതിപ്പിക്കാനുള്ള ശ്രമമാണെന്നും വിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നുമായിരുന്നു ഹർജിയിലെ ആക്ഷേപം. മാത്രവുമല്ല ആദ്യാക്ഷര മന്ത്രം ഏതെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കൾക്ക് നൽകി കൊണ്ട് ചടങ്ങിൽ ക്രമീകരണം ഒരുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു (HC Order On Vidhyarambam).
ആദ്യാക്ഷര മന്ത്രം രക്ഷിതാക്കൾക്ക് തെരഞ്ഞെടുക്കാമെന്ന് കോടതി വിശദീകരിച്ചു. ഇന്ത്യ മതപരമായും മറ്റും ബഹുസ്വരതയുടെ നാടാണ്. വിശ്വാസം, ആരാധന, ആചാരം എന്നിവയിലും നൂറ്റാണ്ടുകളായി വൈവിധ്യം പുലർത്തിപ്പോരുന്നുണ്ട്. ഇത്തരം ഘടകങ്ങള്‍ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം വ്യക്തികളുടെ വിശ്വാസം, ആരാധന, സ്വാതന്ത്ര്യം എന്നിവയ്ക്കും കോട്ടം തട്ടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു (Kerala High Court On Vidhyarambam).
ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത് അറിവിന്‍റെ തുടക്കത്തിനാണെന്നും മാതാപിതാക്കളുടെ തെരഞ്ഞെടുപ്പിന് വിരുദ്ധമായി പ്രാര്‍ത്ഥനകള്‍ എഴുതാനോ വായിക്കാനോ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. പങ്കാളികളുടെ പൂര്‍ണ ഇച്ഛാശക്തിയോടെ നിയമലംഘനങ്ങളില്ലാതെ പരിപാടി നടക്കുന്നിടത്തോളം കാലം വിഷയത്തില്‍ ഒരുതരത്തിലും കോടതിക്ക് ഇടപെടേണ്ടതായി വരുമെന്ന് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു (HC Order About Commencement Ceremony).