എറണാകുളം: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ നടപ്പാക്കുന്നതും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ഹൈക്കോടതി മരവിപ്പിച്ചു. വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ള നാല് പ്രതികൾക്ക് കവരത്തി സെഷൻസ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും കോടതി മരവിപ്പിച്ചു.
രാഷ്‌ട്രീയത്തിൽ സംശുദ്ധി കാത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് വിലയിരുത്തിയ കോടതി, ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി കൂടി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും ചൂണ്ടിക്കാട്ടി. പെട്ടെന്നൊരു തെരഞ്ഞെടുപ്പ് കനത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് വ്യക്തമാക്കിയാണ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി കോടതി മരവിപ്പിച്ചത്.
എന്നാൽ മറ്റ് 3 പ്രതികളുടെയും ശിക്ഷ വിധി നടപ്പാക്കുന്നത് മാത്രമാണ് കോടതി തടഞ്ഞത്. ഫൈസലടക്കം നാല് പ്രതികൾക്കും ജാമ്യവ്യവസ്ഥയിൽ ജയിൽ മോചിതരാകാം. ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ല.
കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ വിധി വരും വരെയാണ് സ്റ്റേ അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കഴിഞ്ഞ 11നാണ് മുഹമ്മദ് ഫൈസലടക്കം 4 പ്രതികൾക്ക് വധശ്രമ കേസിൽ കവരത്തി സെഷൻസ് കോടതി 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2009 ൽ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലായിരുന്നു ശിക്ഷ.
Also Read:വധശ്രമക്കേസ്: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി
അതേസമയം ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്ക് ഹൈക്കോടതി അനുവദിച്ച സ്റ്റേ ഉത്തരവ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ ബോധിപ്പിക്കും.