എറണാകുളം : സ്‌ത്രീധനത്തിന്‍റെ പേരില്‍ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് ഡോ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിന് അറിയാമായിരുന്നു എന്ന് ഹൈക്കോടതി (HC against Dr Ruwais in Dr Shahana death). ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്ന് ആത്മഹത്യ കുറിപ്പ് അടക്കം പരിശോധിച്ചു കൊണ്ട് കോടതി നിരീക്ഷിച്ചു. റുവൈസിന് ജാമ്യം അനുവദിക്കരുത് എന്നും അന്വേഷണം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി (HC on Dr Shahana death).
അച്ഛനെ ചോദ്യം ചെയ്‌തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്ന് റുവൈസും വാദിച്ചു. എന്നാൽ വിദ്യാഭ്യാസം മാത്രമാണ് റുവൈസിന് അനുകൂലമായ ഘടകമെന്ന് വ്യക്തമാക്കിയ കോടതി ജാമ്യ ഹർജി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. വന്ദന കേസിൽ പൊലീസിനെതിരെ സംസാരിച്ചതിന്‍റെ പ്രതികാര നടപടികളാണ് ഇപ്പോഴത്തേതെന്നും റുവൈസ് വാദമുന്നയിച്ചിട്ടുണ്ട്.
റുവൈസിൻ്റെ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നേരത്തെ റുവൈസിൻ്റെ പിതാവ് അബ്‌ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയെ ഡിസംബർ അഞ്ചിനാണ് രാവിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കൊളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഷഹനയും റുവൈസും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഇവരുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാരും സമ്മതം അറിയിച്ചിരുന്നു.
എന്നാൽ റുവൈസിന്‍റെ വീട്ടുകാർ വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടു. ഷഹനയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മടങ്ങുകയായിരുന്നു. ബന്ധുക്കൾ ഉന്നയിച്ച ഈ ആരോപണത്തിന് പിന്നാലെയാണ് റുവൈസിനെ പൊലീസ് ചോദ്യം ചെയ്‌തതും തുടർന്നാണ് കസ്റ്റഡിയില്‍ എടുത്തതും.
റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.