എറണാകുളം: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കർ ലത്തീഫിനെ കസ്റ്റഡിയിലെടുത്തു. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി അസ്‌കർ കോടതിയെ സമീപിക്കാനിരിക്കെയാണ് പള്ളുരുത്തി പൊലീസ് ഇയാളെ പിടികൂടിയത്.
മുദ്രാവാക്യം വിളിച്ചത് സംഘപരിവാറിനെതിരെയാണെന്ന് കുട്ടിയുടെ പിതാവ് അസ്‌കർ ലത്തീഫ് പറഞ്ഞു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെയുണ്ട്. ഈ സമയത്ത് എന്താണ് വിവാദമായതെന്ന് അറിയില്ല എന്നും അസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു.
താൻ പോപ്പുലർ ഫ്രണ്ടിന്‍റെ സജീവ പ്രവർത്തകനല്ല. എന്നാൽ പോപ്പുലർ ഫ്രണ്ടിന്‍റെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും അസ്‌കർ. റാലിയിലെ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടിയും പറഞ്ഞു. വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം വിളിച്ചതാണ്. പൗരത്വനിയമ ഭേദഗതിക്ക് എതിരെ നടന്ന പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചതെന്നും കുട്ടി വ്യക്തമാക്കി.
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ കുട്ടിയും കുടുംബവും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ തേടി പൊലീസ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഇവർ ഇന്ന് വീട്ടിൽ തിരിച്ചെത്തിയതോടെയാണ് കുട്ടിയുടെ പിതാവ് അസ്‌കറിനെ പള്ളുരുത്തി പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. കേസ് അന്വേഷിക്കുന്ന ആലപ്പുഴ പൊലീസിന് ഇയാളെ കൈമാറും.
പള്ളുരുത്തി സ്വദേശിയായ കുട്ടി പോപ്പുലർ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്യും. അതേസമയം സംഭവത്തിൽ ഗൂഢാലോചന നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ഗുജറാത്ത്, ബാബരി വിഷയങ്ങൾ ഉയർത്തി ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി വർഗീയത സൃഷ്‌ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇതുവരെ 20 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം, അസ്‌കറിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്ത് എത്തി. ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചു.
Also Read: 'റാലികളിൽ എന്തും വിളിച്ചുപറയാമെന്നാണോ?'; വിദ്വേഷ മുദ്രാവാക്യം വിളിയിൽ ഹൈക്കോടതി