വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന ; കുട്ടിയും പിതാവും ഒളിവിൽ - പോപ്പുലർ ഫ്രണ്ട് പ്രതിഷേധം വിദ്വേഷ മുദ്രാവാക്യം
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി ബാല സംഘടനയുടെ പ്രവർത്തകൻ

എറണാകുളം : പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പളളുരുത്തിയിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തി ആലപ്പുഴ പൊലീസ്. എന്നാൽ കുട്ടിയും പിതാവും അവിടെ ഉണ്ടായിരുന്നില്ല. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലായിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ തറവാട് വീട്ടിലും പൊലീസ് പരിശോധന നടത്തി. രണ്ടാഴ്‌ചയായി മകനെയും പേരമകനെയും കണ്ടിട്ടില്ലന്ന് കുട്ടിയുടെ വല്യുമ്മ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് കൊച്ചി പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെ ആലപ്പുഴ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശിയായ കുട്ടി പോപ്പുലർ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവർത്തകനാണെന്നും തിരിച്ചറിഞ്ഞിരുന്നു. കുട്ടിയെ ആരാണ് ആലപ്പുഴയിൽ എത്തിച്ചത്, രക്ഷിതാക്കളുടെ പങ്ക് എപ്രകാരമാണ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്യും.
READ MORE: റാലിക്കിടെ കുട്ടിയുടെ മുദ്രാവാക്യം വിളി; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ
അതേസമയം സംഭവത്തിൽ ഗൂഢാലോചന നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഗുജറാത്ത്, ബാബരി വിഷയങ്ങൾ ഉയർത്തി ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി വർഗീയത സൃഷ്‌ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ഈ കേസിൽ അറസ്റ്റിലായ പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ബിജെപി പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഉൾപ്പടെ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.