എറണാകുളം: മരണാനന്തര അവയവദാനത്തിലൂടെ നിരവധി പേർക്ക് ജീവിതം നൽകിയ വിനോദിന്‍റെയും അമ്പിളിയുടെയും കൈകളുമായി അമരേഷും യൂസഫും ഇനി പുതു ജീവിതം നയിക്കും. എറണാകുളം അമൃത ആശുപത്രിയിൽ കൈമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ കൈകൾ നൽകിയവരുടെ ബന്ധുക്കളെ കണ്ടു. തങ്ങളെ വിട്ടു പിരിഞ്ഞ ഉറ്റവരുടെ കൈകൾ മറ്റുള്ളവരിലൂടെയാണെങ്കിലും ജീവിക്കുന്നത് നേരിൽ കണ്ടതോടെ പലരും വികാരാധീനരായി.
കർണാടക സ്വദേശിയായ അമരേഷിനും (25), ഇറാഖി പൗരനായ യൂസഫ് ഹസൻ സയീദ് അൽ സുവൈനിയ്ക്കും (29) കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകൾ തുന്നിച്ചേർത്തത്. തനിക്ക് കൈ നൽകിയ വിനോദിന്‍റെ ഭാര്യ സുജാതയുടെ കാൽ തൊട്ട് വന്ദിച്ചായിരുന്നു അമരേഷ് നന്ദിയറിയിച്ചത്.
അമരേഷിന് നൽകിയ ഭർത്താവിന്‍റെ കൈകൾ കണ്ടതോടെ സുജാതയ്ക്ക് തേങ്ങൽ അടക്കാനായില്ല. അവർ ഭർത്താവിന്‍റെ കൈകളിൽ ചുംബിച്ചു. മകൾ നീതുവും കൊച്ചുമകൻ ഇഷാനും അച്ഛന്‍റെ കൈകളിൽ മുത്തം നൽകിയാണ് മടങ്ങിയത്.
അതേസമയം അമ്പിളിയുടെ മകൻ അനന്തു യൂസഫിലൂടെ ജീവിക്കുന്ന അമ്മയുടെ കരങ്ങൾ കാണുകയും ചുംബിക്കുകയും ചെയ്‌തു. ഇതോടെ കൈകൾ സ്വീകരിച്ചവരുടെയും ദാതാക്കളുടെ ബന്ധുക്കളുടെയും അപൂർവ സംഗമത്തിന് കൂടിയാണ് അമൃത ആശുപത്രി വേദിയായത്. കർണാടകയിലെ ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ ജൂനിയർ പവർമാൻ ആയ അമരേഷിന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്‌ടമായത്.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്‍റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയിൽ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി അമരേഷിൽ തുന്നിച്ചേർത്തത്. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിലുള്ള കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) വഴി 2018 സെപ്‌തംബറിൽ രജിസ്റ്റർ ചെയ്‌ത അമരേഷ് തുടർന്നിങ്ങോട്ട് അനുയോജ്യനായ ഒരു ദാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു. ഈ കാത്തിരിപ്പ് കൂടിയാണ് ഇപ്പോൾ സഫലമായത്.
ഷോൾഡർ ലെവലിൽ കൈകൾ തുന്നിച്ചേർക്കുന്നത് വളരെ അപൂർവമാണ്. ലോകത്തിൽ തന്നെ ഈ തരത്തിലുള്ള മൂന്നാമത്തെ ശസ്ത്രക്രിയയാണിത്. കൈയുടെ എത്രയും ഭാഗം നഷ്‌ടമായിട്ടുണ്ട് എന്നതാണ് കെമാറ്റിവയ്ക്കൽ ശസ്ത്രകിയയിൽ കൂടുതൽ വെല്ലുവിളിയാകുന്നത്.
ഷോൾഡർ ലെവൽ ട്രാൻസ്പ്ലാന്‍റേഷന്‍റെ കാര്യത്തിൽ കൈ തോളിലേക്ക് കൂട്ടിച്ചേർക്കുന്നതിൽ പല സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. ബാഗ്‌ദാദിൽ നിന്നുള്ള യൂസിഫ് ഹസൻ എന്ന ഇന്‍റീരിയർ കൺസ്ട്രക്ഷൻ തൊഴിലാളി 2019 ഏപ്രിലിൽ നിർമ്മാണ സ്ഥലത്ത് മതിൽ തുരക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ജോലിക്കിടെ ഡ്രില്ലർ അപ്രതീക്ഷിതമായി ഉയർന്ന വോൾട്ടേജിലുള്ള ഇലക്ട്രിക് ലൈനിൽ തട്ടുകയും ഇദ്ദേഹത്തിന് ഷോക്കേൽക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച യൂസഫിന്‍റെ പരിക്ക് ഗുരുതരമായിരുന്നതിനാൽ ഇരുകൈകളും കൈമുട്ടിന്‍റെ ഭാഗത്തുവച്ച് മുറിച്ചു മാറ്റേണ്ടതായി വന്നു. അപകടം നടന്ന ആറ് മാസങ്ങൾക്ക് ശേഷം കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അറിയാൻ യൂസിഫ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തി.
2021 ജൂലൈയിലാണ് യൂസിഫ് മരണാനന്തര അവയവദാനം വഴി കൈകൾ ലഭിക്കുന്നതിനായി കേരള ഓർഗൻ ഷെയറിങ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്‌തത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്പിളിയുടെ (39) കൈകളാണ് യൂസഫിന് ലഭിച്ചത്. 16 മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് യൂസിഫിന് ഇരുകൈകളും വിജയകരമായി തുന്നിച്ചേർത്തത്.
കൈകൾ മാറ്റിവച്ച രണ്ട് പേരുടെയും കൈകളുടെ പ്രവർത്തനം സാവധാനത്തിൽ വീണ്ടെടുക്കാൻ തുടങ്ങുന്നതിന് മുന്നോടിയായി കുറച്ചു നാളുകൾ കൂടി ഫിസിയോതെറാപ്പിക്ക് വിധേയരാകേണ്ടതുണ്ട്. 2015 ജനുവരിയിൽ മനു എന്ന 30 വയസുകാരന് ഇത്തരത്തിലുള്ള ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ സർജറി സംഘമാണ് ഇന്ത്യയിൽ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയിൽ ആകെ 11 പേരാണ് കൈമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.