എറണാകുളം: കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഹമ്മദാബാദില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ പൗരന്മാരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് മെട്രോ പൊലീസിന് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചത്.
എന്നാല്‍ ഇറ്റാലിയന്‍ സ്വദേശികള്‍ ഇന്ത്യയിലെത്തിയത് സെപ്റ്റംബറിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഹമ്മദാബാദ് മെട്രോ സ്റ്റേഷനിൽ ഗ്രാഫിറ്റി വരച്ച പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവ൪ തന്നെയാണ് കൊച്ചി മെട്രോ കോച്ചിലും വരച്ചതെന്ന സംശയത്തിലാണ് കൊച്ചി മെട്രോ പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്‌തത്.
ചോദ്യം ചെയ്യലില്‍ ഇറ്റാലിയൻ സ്വദേശികൾ ഇന്ത്യയിലെത്തിയത് സെപ്റ്റംബർ 24നാണെന്ന് വ്യക്തമായി. കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതാകട്ടെ മെയ് മാസത്തിലുമാണ്. ഈ സാഹചര്യത്തില്‍ ഇറ്റാലിയൻ പൗരന്മാരല്ല പ്രതികളെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെട്രോ പൊലീസ് അഹമ്മദാബാദില്‍ നിന്ന് മടങ്ങുകയായിരുന്നു.
രാജ്യവ്യാപകമായി ഗ്രാഫിറ്റി വാന്‍റലിസം പ്രചരിപ്പിക്കുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ നാല് പേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ട് മുൻപായിരുന്നു ടാസ് എന്ന് ഗ്രാഫിറ്റി വരച്ച് ഇവർ കടന്നുകളഞ്ഞത്.
ഈ കേസിൽ ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ പിന്നീട് അഹമ്മദാബാദിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയ്‌പൂർ, ദില്ലി, മുബൈ മെട്രോ സ്റ്റേഷനുകളിലെ ഗ്രാഫിറ്റിക്ക് പിന്നിലും ഇവരെന്ന സൂചന പുറത്തുവന്നത്.
കഴിഞ്ഞ മെയ് 22നാണ് കൊച്ചി മെട്രോ യാർഡിൽ നിർത്തിയിട്ട ട്രെയിൻ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പമ്പ എന്ന ട്രെയിനിന് പുറത്തായിരുന്നു ഭീഷണി സന്ദേശം. 'ആദ്യ സ്ഫോടനം കൊച്ചിയിൽ' എന്നായിരുന്നു സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് എഴുതിയത്. കൊച്ചി മെട്രോയിലുണ്ടായ ഈ സംഭവത്തിന് പിന്നിൽ ആരെന്ന് ഇനിയും തെളിഞ്ഞിട്ടില്ല.