എറണാകുളം: വി.സി നിയമന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ വളരെയധികം രാഷ്ട്രീയ ഇടപെടൽ കണ്ടുവരുന്നുവെന്നും സർവകലാശാലയുടെ സ്വയംഭരണാധികാരം പൂർണമായും ഇല്ലാതാകുന്ന ഈ അന്തരീക്ഷത്തിൽ തനിക്ക് ചാൻസലറായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ പദവി മുഖ്യമന്ത്രിക്ക് തന്നെ കൈമാറാൻ ഉത്തരവിടണമെന്ന തന്‍റെ ആവശ്യം ആവർത്തിച്ചുകൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം.
ALSO READ: ഗംഗ എക്‌സ്‌പ്രസ് വേയ്‌ക്ക് ഇന്ന് നരേന്ദ്ര മോദി തറക്കല്ലിടും
സംസ്ഥാനത്തെ സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങളിൽ അതൃപ്തി അറിയിച്ച് ഡിസംബർ എട്ടിന് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ നിയമനത്തിൽ ഗവർണർ ഒപ്പിട്ടതാണെന്നും ഒപ്പിട്ട ശേഷം നിരസിച്ചത് ശരിയായില്ലെന്നും കത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഒപ്പിട്ട ഉത്തരവ് നിരസിക്കുന്നത് മറ്റ് ഇടപെടൽ മൂലമാകാമെന്നും സമ്മർദം കൊണ്ടായിരിക്കാം ഗവർണർ പദവിയിൽ നിന്ന് ഒഴിയണമെന്ന തീരുമാനത്തിലെത്തിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സർവകലാശാല ചാൻസലർ പദവി സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനായി യാതൊരു നീക്കവും സർക്കാർ നടത്തിയിട്ടില്ല. ഗവർണർ ആ സ്ഥാനത്ത് തുടരണമെന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യകത്മാക്കിയിരുന്നു. അതേസമയം സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും സ്വജനപക്ഷപാതത്തിനും സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനും എതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ നടത്തിയ സർവകലാശാലകളിലെ എല്ലാ നിയമനങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.