എറണാകുളം: ആയിരം മെഗാ വാട്ട് സൗരോർജ പദ്ധതിയാണ് സർക്കാർ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കെഎസ്ഇബിയുടെ ആദ്യ 220 കെ വി ജി ഐ എസ് സബ് സ്‌റ്റേഷൻ കലൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഇടതടവില്ലാതെ എത്തിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇടുക്കിയിൽ രണ്ടാം നിലയം ആരംഭിക്കുന്നതിനുള്ള പഠനം കേന്ദ്ര ഏജൻസി നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. സൗരോർജ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ബോർഡ് നടപ്പിലാക്കുന്നുണ്ട്. ഊർജ്ജത്തിന്‍റെ ഉൽപാദനം വർധിപ്പിക്കുന്നതിനോടൊപ്പം ഉപയോഗം കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. അതിന്‍റെ ഭാഗമായിട്ടാണ് ഫിലമെന്‍റ് രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഒരു കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തു കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
കെ എസ് ഇ ബിയുടെ ആദ്യ 220 കെ വി ജി ഐ എസ് സബ് സ്‌റ്റേഷൻ ട്രാൻസ്ഗ്രിഡ് പദ്ധതിയിലുൾപ്പെടുത്തി കിഫ്ബി സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. 220 കെ വി ഭൂഗർഭ കേബിൾ ഉപയോഗിച്ച കെ എസ് ഇ ബിയുടെ ആദ്യ പദ്ധതി കൂടിയാണിത്. ബ്രഹ്മപുരം 220 കെ വി സബ്സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ ഓവർഹെഡ് ലൈനും 7 കിലോമീറ്റർ ഭൂഗർഭ കേബിളും സ്ഥാപിച്ചാണ് കലൂർ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. 130 കോടി രൂപ ചെലവിലാണ് സ്‌റ്റേഷന്‍റെയും അനുബന്ധ ലൈനിന്‍റെയും നിർമ്മാണം പൂർത്തിയാക്കിയത്. പ്രസരണ നഷ്ടം കുറയുന്നത് മൂലം പ്രതിവർഷം 25 കോടി രൂപയുടെ ലാഭവും കെ എസ് ഇ ബി പ്രതീക്ഷിക്കുന്നുണ്ട് . എം.എൽ.എ മാരായ പി.ടി. തോമസ്, ടി.ജെ വിനോദ് , ജോൺ ഫെർണാണ്ടസ് തുടങ്ങിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.