എറണാകുളം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെള്ളിയാഴ്‌ച ഹർജി പരിഗണിച്ച കോടതി എൽദോസിന് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. എൽദോസിനെതിരെ ശക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ തിരുവനന്തപുരം കോടതി നൽകിയ മുൻകൂർ ജാമ്യ ഉത്തരവിനെതിരെയാണ് സർക്കാരിന്‍റെ ഹർജി.