എറണാകുളം: കുപ്പിവെള്ളത്തിൻ്റെ വില കുറച്ച സർക്കാർ നടപടി സ്റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. സർക്കാറിന് സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുപ്പിവെള്ളത്തിന്‍റെ വില 20 രൂപയിൽ നിന്ന് 13 രൂപയായി കുറച്ച സർക്കാർ ഉത്തരവായിരുന്നു കോടതി തടഞ്ഞത്. കുപ്പിവെള്ള നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. കുപ്പിവെള്ളത്തെ അവശ്യ സാധന പട്ടികയിൽ ഉൾപ്പെടുത്തി അവശ്യ സാധന നിയമപ്രകാരമാണ് സർക്കാർ വില കുറച്ചത്. എന്നാൽ പാക്കേജ്‌ഡ് കമോഡിറ്റീസ് കേന്ദ്ര സർക്കാരിൻ്റെ പരിധിയിലാണ് വരുന്നതെന്നും സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലന്നായിരുന്നു ഹർജിക്കാരുടെ വാദം.
തങ്ങളെ കേൾക്കാതെയും ഉത്പാദന ചെലവ് പരിഗണിക്കാതെയുമാണ് സർക്കാർ വില കുറച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയിൽപ്പെടുത്തി വില കുറയ്ക്കാൻ അധികാരമുണ്ടെന്നാണ് സർക്കാർ നിലപാട്.
Also Read: നടിയെ ആക്രമിച്ച കേസ് : ബാലചന്ദ്രകുമാറിന്‍റെ മൊഴിയെടുത്ത് അന്വേഷണസംഘം