എറണാകുളം : ആലുവയിൽ ഹോട്ടലിൽ ഗുണ്ട അക്രമണം. മൂന്നംഗസംഘം ഹോട്ടലുടമയെ ആക്രമിക്കുകയും, ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തെന്നാണ് പരാതി. ഹോട്ടലിലെ സി.സി.ടി.വി ഉൾപ്പടെ അക്രമി സംഘം തകർത്തിട്ടുണ്ട്. പുളിഞ്ചുവട് പരിസരത്തെ 'ടർക്കിഷ് മന്തി' എന്ന ഹോട്ടലിലാണ് അക്രമം നടന്നത്.
ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തി ഭക്ഷണം ഓർഡർ ചെയ്തു. എന്നാല്‍ ആഹാരത്തിന് മുന്‍കൂറായി പണം ആവശ്യപ്പെട്ടതോടെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. ഒരാഴ്ചമുമ്പ് ഒരു സംഘം കാറിലിരുന്ന് ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണപ്പൊതി നൽകിയ ഉടന്‍ പണം നൽകാതെ കടന്നുകളയുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇത്തവണ പണം ആദ്യം ആവശ്യപ്പെട്ടത്.
Also Read: ക്വട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്ന കാസർകോട്, നിഷ്‌ക്രിയരായി പൊലീസ്; പരാതി നൽകാൻ പോലും ഭയപ്പെട്ട് ജനം
ഇതോടെ സംഘം പണം നൽകി. ശേഷം മൊബൈൽ ചാർജർ ആവശ്യപ്പെട്ടു. ചാർജർ നൽകിയെങ്കിലും സ്വന്തമായി വേണമെന്നായി ആവശ്യം. ഇതിന് വിസമ്മതിച്ചതിനെ തുടർന്നായിരുന്നു മൂന്നംഗ സംഘം ഭീഷണി മുഴക്കി മടങ്ങിയത്. പത്തു മിനിട്ടിന് ശേഷം തിരിച്ചെത്തിയായിരുന്നു ആയുധം ഉപയോഗിച്ച് ആക്രമണം.
കടയുടമ അമ്പാട്ടുകാവ് സ്വദേശി ദിലീപിനാണ് ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റത്. പ്രതികളെ ഹോട്ടലുടമ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിൽ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു.