കൊച്ചി: ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ. പനി ബാധിച്ച് മൂന്ന് ദിവസമായി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ നഴ്സാണ് തലയണക്കടിയിൽ തോക്ക് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതൽ നാലു ഗുണ്ടകളുടെ കാവലിലാണ് പ്രതി ആശുപത്രിയിൽ കിടന്നിരുന്നതെന്ന് ആക്ഷേപമുണ്ട്. തുടർന്ന് പൊലീസ് അനസിനെ അറസ്റ്റ് ചെയ്‌തു.
അനസിനെ കസ്റ്റഡിയിലെടുത്ത് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞ് വീണിരുന്നു. അന്യായമായി ആയുധം കൈവശം വച്ച വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. തുടർന്ന് പൊലീസ് അനസിന്റെ നെടുന്തോടുള്ള വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. റെയ്‌ഡിനിടെ സി ഐ മർദിച്ചുവെന്നാരോപിച്ച് അനസിന്റെ സഹോദരൻ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തിരുന്നു. മംഗലാപുരത്തെ ഉണ്ണിക്കുട്ടൻ കൊലപാതകം, റഹിം പൂക്കടശേരി വധശ്രമം തുടങ്ങി നിരവധി കേസിൽ പ്രതിയാണ് നെടുംതോട് പുത്തൻപുരയിൽ വീട്ടിൽ അനസ്.