എറണാകുളം: കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് സ്വർണവ്യാപാര മേഖല കാത്തിരിക്കുന്നത്. ജി.എസ്.ടി കുറയ്ക്കണമെന്ന തങ്ങളുടെ പ്രധാന ആവശ്യം പരിഗണിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഓൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഗോൾഡ് റിഫൈനറീസ് സ്ഥാപക സെക്രട്ടറി ജെയിംസ് ജോസ്.
18 നിർദേശങ്ങളാണ് ബജറ്റിന് മുന്നോടിയായി സ്വർണവ്യാപാര മേഖലയിൽ നിന്നുള്ള സംഘടനകളെല്ലാം ചേർന്ന് സമർപ്പിച്ചത്. സ്വർണത്തിന്‍റെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച സ്പോട്ട് എക്സ്ചേഞ്ച്, ഗോൾഡ് മോണിറ്ററൈസേഷൻ സ്കീം തുടങ്ങിയ പദ്ധതികൾ നടപ്പായിട്ടല്ല. ഇത് നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു.
ഒരു വർഷം 600 ടൺ സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ രാജ്യത്തിന്റെ വിദേശ നാണ്യത്തിന്‍റെ കരുതലിനെ ബാധിക്കുന്നു. ഇറക്കുമതി കുറയ്ക്കാനുളള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള സ്വർണത്തിന്‍റെ കൈമാറ്റമാണ് വർധിപ്പിക്കേണ്ടത്. എല്ലാ മേഖലയിലും ഡിമാന്റ് കുറഞ്ഞതാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണം. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നതെന്നും ജെയിംസ് ജോസ് പറഞ്ഞു.