എറണാകുളം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയേയും യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
തനിക്കെതിരെ ഉയര്‍ന്നു വന്ന എല്ലാ ആരോപണങ്ങളെയും സ്വപ്ന ജാമ്യാഹര്‍ജിയില്‍ നിഷേധിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. മുൻ ക്രിമിനല്‍ പശ്ചാത്തലവും ഇല്ല. യു എ ഇ കോൺസുലേറ്റിൽ നിന്നും ജോലി മതിയാക്കിയ ശേഷവും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. കോൺസുലേറ്റിൽ നിന്നുള്ള നിർദേശപ്രകാരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത്. കോൺസുലേറ്റിൽ നിന്നും ഹാജരാക്കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമല്ല. തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സ്വപ്ന ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പിൽ എന്തെങ്കിലും കാര്യങ്ങൾ വെളിപ്പെടുത്താനില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന സുരേഷ് ജാമ്യാപേക്ഷയില്‍ പറയുന്നു.