എറണാകുളം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്‌തത്. അതേ സമയം, സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഓഗസ്റ്റ് അഞ്ച് മുതൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലായിരുന്ന സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇവരുടെ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ആവർത്തിച്ചു. 2017, 2018 വർഷങ്ങളിൽ മൂന്ന് തവണ ശിവശങ്കറിനോടൊപ്പം സ്വപ്ന വിദേശ സന്ദർശനം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നു 2018 ഒക്ടോബറിലെ വിദേശ സന്ദർശനം. എന്നാൽ, മറ്റ് യാത്രാ വിവരങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് അദ്ദേഹത്തിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റുമായി സംയുക്ത ലോക്കർ തുറന്നതെന്നും റിപ്പോർട്ടിലുണ്ട്. ലോക്കറുമായി ബന്ധപ്പെട്ട ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അതേ സമയം സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. ഇവർക്ക് ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് സ്വപ്‌നയ്ക്ക് ഹൃദയ സംബന്ധമായ ചികിത്സാ സൗകര്യമൊരുക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.