നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുംവീണ്ടും സ്വർണം കണ്ടെത്തി. റിയാദിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ടോയ് ലെറ്റിൽ രണ്ട് കിലോയോളം സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ വിവിധ വിമാനങ്ങളിലെ ടോയ് ലെറ്റുകളിൽ നിന്നുമായി എട്ട് കിലോഗ്രാം സ്വർണ മിശ്രിതവും അഞ്ച് കിലോ സ്വർണ്ണ ബിസ്ക്കറ്റുകളും എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയിട്ടുണ്ട് . ഞായറാഴ്ച്ച രാത്രി 12 മണിയോടെ നെടുമ്പാശേരിയിലെത്തിയ എ 1 934വിമാനത്തിൽ നിന്നും ഗ്രൗണ്ട് ഹാന്‍റ്ലിങ് വിഭാഗത്തിലെ ക്ലീനിങ് തൊഴിലാളികളാണ് സ്വർണം കണ്ടെത്തിയത്.
മൂന്ന് വലിയ സ്വർണ ബിസ്റ്റക്കറ്റുകൾ ഉൾപ്പെടെ 11 ബിസ്ക്കറ്റുകളും ഒരു മാലയുമാണ് കണ്ടെടുത്തത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. യാത്രക്കാരിൽ ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ്നിഗമനം. വിമാനത്തിലെ ഏതെങ്കിലും ജീവനക്കാരെ ഉപയോഗിച്ച് സ്വർണം പുറത്തെത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ഉപേക്ഷിച്ചതാകാനുള്ള സാധ്യതയുമുണ്ട് .
കഴിഞ്ഞ 22ന് അന്താരാഷ്ട്ര ടെർമിനലിലെ അന്താരാഷ്ട്ര ടെര്‍മിനലിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്നുംരണ്ടര കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശുചീകരണ തൊഴിലാളി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പൊതി സുരക്ഷ വിഭാഗത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 23 സ്വർണ ബിസ്‌ക്കറ്റുകൾ പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു.