എറണാകുളം: ഉണ്ണിയേശു പിറന്ന ബത്‌ലഹേം ഗ്രാമത്തിന്‍റെ വേറിട്ട മാതൃക ഒരുക്കിയിരിക്കുകയാണ് ജോർജ്ജ് ആന്‍റണി. കേക്ക്, ഈന്തപ്പഴം, ഉണക്കമുന്തിരി, കറുവപ്പട്ട, ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് ബത്‌ലഹേം നഗരത്തിന്‍റെ പൗരാണികമായ ഗ്രാമഭംഗി അതേപടി സൃഷ്‌ടിച്ചത്. ക്രിസ്‌മസ് ആഘോഷത്തിന്‍റെ ഭാഗമാകാൻ കഴിയാത്ത കൊവിഡ് രോഗികൾക്കും, ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയാണ് ഈ ബത്‌ലഹേം മാതൃക ഒരുക്കിയതെന്ന് ജോർജ്ജ് ആന്‍റണി പറയുന്നു. ഉണ്ണിയേശു പിറന്ന കാലിത്തൊഴുത്തിന്‍റെ ശരിയായ മാതൃകയാണ് താൻ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സ്വദേശിയായ ഈ ഫാഷൻ ഡിസൈനർ ആഘോഷ നാളുകൾ തന്‍റെ കലാ വൈഭവം കൊണ്ട് സമ്പന്നമാക്കുന്നത് ഇതാദ്യമല്ല. പതിനഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് ഈ മാതൃക നിർമിച്ചത്. കുന്നുകളും മലകളും നിർമിച്ചത് ഈന്തപ്പഴം ഉപയോഗിച്ചാണ്. കറുവപ്പട്ട കൊണ്ടാണ് കാലിത്തൊഴുത്ത് ഒരുക്കിയത്. പത്ത് കിലോ കേക്ക്, പന്ത്രണ്ട് കിലോ ഈന്തപ്പഴം, അഞ്ച് കിലോ ഉണക്കമുന്തിരി എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചത്.
മൂന്ന് ദിവസം ഈ മാതൃക പ്രദർശിപ്പിച്ചതിന് ശേഷം നിർമാണത്തിന് ഉപയോഗിച്ച ഭക്ഷ്യവസ്‌തുക്കൾ എല്ലാവർക്കുമായി വിതരണം ചെയ്യാനാണ് ജോജ്ജ് ആന്‍റണി ഉദ്ദേശിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് മിഠായി കളമൊരുക്കിയും, ചരിത്ര നിർമിതികളുടെ മിനിയേച്ചർ രൂപങ്ങൾ നിർമിച്ചും ജോർജ് ആന്‍റണി ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തതായി ചന്ദ്രയാന്‍റെ നിർമാണം മുതൽ ലാൻഡിങ് വരെയുള്ള ചരിത്രം മിനിയേച്ചർ രൂപത്തിൽ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോർജ് ആന്‍റണി.