എറണാകുളം : സോളാർ പീഡന കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി (Ganesh Kumar's Plea Rejected By High Court). ഗണേഷിനെതിരെയുള്ളത് ഗുരുതര ആരോപണങ്ങളെന്ന് കോടതി (Serious allegations against Ganesh Kumar).
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണമെന്നും കോടതി ഉത്തരവിൽ പരാമർശിച്ചു. പരാതിക്കാരിയുമായി ചേർന്ന് ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണം.
ഗണേഷ് നിരപരാധി എങ്കിൽ അതും തെളിയിക്കപ്പെടണമെന്നും ഗണേഷിന്‍റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗണേഷ് കുമാറിന്‍റെ ഹർജി. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ഗണേഷിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ്ട്. അതേസമയം, കേസിന്‍റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ വിടുതൽ ഹർജിയുമായി ഗണേഷിന് കോടതിയെ സമീപിക്കാം. ആരോപണങ്ങൾ തെറ്റെന്ന് കണ്ടെത്തിയാൽ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ ഉത്തരവിൽ വ്യക്തമാക്കി.
കെ ബി ഗണേഷ് കുമാറിനെയും സോളാർ കേസിലെ പരാതിക്കാരിയേയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബ് നൽകിയ പരാതിയിൽ നേരത്തെ മജിസ്ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാൻ ഗണേഷിന് സമൻസ് അയച്ചിരുന്നു. തുടർന്നാണ് കേസിന്മേലുള്ള തുടർ നടപടികൾ റദ്ദാക്കാനാവശ്യപ്പെട്ട് ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: 'പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കാൻ ഏത് അന്വേഷണവും ആവാം'; കെബി ഗണേഷ് കുമാർ
കെ സി വേണുഗോപാലിന് നോട്ടിസ്: സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. വിഷയത്തിൽ കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടിസ് അയച്ചു.
കേസിൽ സിബിഐ, സംസ്ഥാന സർക്കാർ എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പരാതിക്കാരി നൽകിയ തടസഹർജി തള്ളിക്കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സിബിഐ റിപ്പോർട്ട് അനുവദിച്ച് തടസഹർജി തള്ളിയതിൽ കീഴ്‌ക്കോടതി തിടുക്കം കാട്ടി. പരാതിക്കാരിയെ മുൻ വിധിയോടു കൂടിയാണ് കീഴ്‌ക്കോടതി കണ്ടത്. ചെറു വിചാരണ കണക്കേയാണ് സി ജെ എം കോടതി തടസഹർജി തള്ളി ഉത്തരവിട്ടതെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ALSO READ: സോളാര്‍ കേസ്; ഗണേഷ് കുമാര്‍ തത്‌കാലം കോടതിയില്‍ ഹാജരാകേണ്ടതില്ല, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്