കൊച്ചി: ഗാന്ധി ജയന്തി ആഘോഷ പരിപാടികളിൽ സജീവമായി എറണാകുളം മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി മനു റോയ് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്താണ് പ്രചാരണം തുടങ്ങിയത്. എറണാകുളം ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയും ശുചീകരണത്തിൽ പങ്കാളിയായി. ഗാന്ധിജയന്തി ദിനത്തിൽ വിപ്ലവ പ്രസ്ഥാനം സംഘടിപ്പിച്ച ശുചീകരണ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മനു റോയി പങ്കുവെച്ചു.
എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയിൽ ആദ്യാവസാനം പങ്കെടുത്തായിരുന്നു യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദിന്‍റെ ഇന്നത്തെ പ്രചാരണം.രാഷ്ട്ര പിതാവിന്‍റെ പ്രതിമയിൽ ടി.ജെ വിനോദ് പുഷ്പാർച്ചന നടത്തി.
എൻ.ഡി.എ സ്ഥാനാർഥി സി.ജി രാജഗോപാൽ മഹാത്മാ സന്ദേശ യാത്രയിൽ പങ്കെടുത്താണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്.