എറണാകുളം: കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ രാജ്യത്ത് ലോക്‌ഡൗൺ ഏർപ്പെടുത്തിയതോടെ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ നാലാം ദിവസത്തിലേക്ക് കടന്നതോടെ പൂർണമായും സഹകരിച്ച് കൊച്ചിയിലെ ജനങ്ങൾ. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. അറസ്റ്റിലേക്കും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിലേക്കും പൊലീസ് നീങ്ങിയതോടെ അകാരണമായി പുറത്തിറങ്ങുന്നതിൽ നിന്നും ജനങ്ങൾ പിൻവാങ്ങി. കൊച്ചിയിൽ വാഹന പരിശോധന കർശനമായി തുടരുകയാണ്. സാക്ഷ്യപത്രം, തിരിച്ചറിയൽ രേഖകൾ എന്നിവ പരിശോധിച്ച് കാരണം ബോധ്യപെടുത്തുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കു. വ്യവസായ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.
അതേസമയം പുതിയതായി 278 പേർ വീടുകളിൽ നിരീക്ഷണത്തിലായി. ഇതിൽ ഫ്രാൻസിൽ നിന്നും തിരികെയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾ സഞ്ചരിച്ച ഫ്ളൈറ്റിൽ സഹയാത്രികർ ആയിരുന്ന 12 പേരും ഉൾപ്പെടുന്നു. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 89 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3463 ആണ്. പുതുതായി അഞ്ച് പേരെ കൂടി കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32 ആയി.