കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ കസ്‌റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തടവ് ശിക്ഷ. കോഴിക്കോട് മുൻ കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഇരിങ്ങാലക്കുട സ്വദേശി പി.ആർ വിജയൻ, ഭാര്യ, മൂന്ന് പെൺമക്കൾ എന്നിവർക്കാണ് കൊച്ചി സിബിഐ കോടതി വിവിധ വകുപ്പുകളിലായി നാലുവർഷം തടവും 2.5 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 78.9 ലക്ഷം രൂപയുടെ സ്വത്താണ് വിജയനുള്ളതെന്നിരിക്കെ ഇതിൽ കൂടുതൽ സ്വത്തുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കേസ്.
സ്വത്തിലേറെയും ഭാര്യയുടെയും മക്കളുടെയും പേരിലാണെന്നും കണ്ടെത്തിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ഭാര്യക്കും മക്കൾക്കുമെതിരെയുള്ളത്. വിജയന്‍റെ മരുമക്കളിലൊരാളായ റാസി ബാലകൃഷ്‌ണൻ യുഎഇയിൽ നിന്ന് ഭാര്യയ്ക്കും അവരുടെ ബന്ധുക്കൾക്കുമായി 50 ലക്ഷം രൂപ അയച്ചു നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിലെ തുടർ നടപടികൾക്ക് നിലവിലെ കോടതി വിധി തടസമല്ലെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പ്രത്യേക സിബിഐ കോടതി ജഡ്‌ജി കെ.കെ ബാലകൃഷ്‌ണനാണ് കേസിൽ വിധി പറഞ്ഞത്.
റെയ്‌ഡിനിടെ മുങ്ങി ഡിവൈഎസ്‌പി: അടുത്തിടെ സ്വവസതിയിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ വിജിലന്‍സ് ഡിവൈഎസ്‌പി വീട്ടില്‍ നിന്നും മുങ്ങിയിരുന്നു. വിജിലന്‍സ് ഡിവൈഎസ്‌പി വേലായുധന്‍റെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഡിവൈഎസ്‌പി മുങ്ങിയത്. കാലത്ത് ആരംഭിച്ച പരിശോധനയില്‍ ഡിവൈഎസ്‌പിയുടെ മൊബൈലും ബാങ്ക് രേഖകളും ഉള്‍പ്പടെ വിജിലന്‍സ് പരിശോധന സംഘം ശേഖരിച്ചിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും അദ്ദേഹം കടന്നുകളയുകയായിരുന്നു.
തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണന്‍ എന്നയാളെ മാര്‍ച്ച് അഞ്ചിന് നഗരസഭയിലെ പ്യൂണിനോടൊപ്പം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്ന് നാരായണന്‍റെ ബാങ്ക് ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്‌പിയായ വേലായുധന്‍റെ മകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ വന്നതായി കണ്ടെത്തുന്നത്. മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നാരായണനെതിരെ നിലനിന്നിരുന്ന അഴിമതി കേസിന്‍റെ അന്വേഷണ ചുമതലയും വേലായുധനായിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനായി നാരായണന്‍ വേലായുധന് പണം നല്‍കിയെന്നാണ് വിജിലന്‍സിന്‍റെ സംശയം.
പിന്നീട് വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വേലായുധനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കുന്നതും വിജിലന്‍സ് സംഘം വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നതും. വിജിലന്‍സ് എസ്‌പി അജികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വീട്ടിലെത്തിയ വിജിലന്‍സ് സംഘം ഡിവൈഎസ്‌പിയുടെയും മകന്‍റെയും ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈല്‍ ഫോണ്‍ കസ്‌റ്റഡിയിലെടുക്കുകയുമുണ്ടായി. മൊബൈല്‍ കസ്റ്റഡിയിലെടുക്കുന്നതിന്‍റെ രേഖകള്‍ ഒപ്പിട്ടു നൽകിയ ശേഷം അന്വേഷണ സംഘം വീട്ടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡിവൈഎസ്‌പി മുങ്ങിയത്. തുടര്‍ന്ന് വീട്ടുകാരും അന്വേഷണ സംഘവും വീടിന് ചുറ്റും പരിസര പ്രദേശങ്ങളിലും കുറച്ച് നേരം പരിശോധന നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല.
Also Read: 'ശിവ ഭഗവാൻ' നേരിട്ട് കോടതിയില്‍ ഹാജരായി, കേസ് അനധികൃത സ്വത്ത് സമ്പാദനം