എറണാകുളം: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് അധ്യാപികയായി ജോലി നേടിയ പൂർവ വിദ്യാർഥിനിക്കെതിരെ കേസ്. കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർഥിനി കെ വിദ്യയ്‌ക്കെതിരെയാണ് മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ ഡോ. വിഎസ് ജോയി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രിൻസിപ്പാളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും.
കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് വിവിധ സർക്കാർ കോളജുകളിൽ ഗസ്റ്റ് അധ്യാപികയായി വിദ്യ ജോലി ചെയ്‌തിരുന്നു എന്നാണ് പരാതി. ഏറ്റവും ഒടുവില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് അധ്യാപക അഭിമുഖത്തിന് എത്തിയിരുന്നു. എന്നാൽ, കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ എറണാകുളം മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെയാണ് വ്യാജരേഖയാണെന്ന് പരിശോധനയിൽ വ്യക്തമായത്.
അഞ്ച് വർഷം മുന്‍പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെ വിദ്യ മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമിച്ചത്. കോളജിന്‍റെ എംബ്ലവും, പ്രിൻസിപ്പാളിന്‍റെ വ്യാജ സീലും വ്യാജമായി നിർമിച്ച് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് അധ്യാപികയായിരുന്നുവെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ ഇവർ ജോലി നേടിയിരുന്നു.
പൊലീസിൽ പരാതി നല്‍കിയത് ഇന്നലെ: മലയാളം വിഭാഗത്തിൽ 2021- 22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്‌തു. ഇതിനുശേഷം കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളജിലും ഇവർ ഗസ്റ്റ് അധ്യാപികയായി നിയമനം നേടി. പത്ത് വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം നടന്നിട്ടില്ലെന്ന് പ്രിൻസിപ്പാള്‍ വിഎസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് ഇന്നലെ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി സർക്കാർ കോളജുകളിൽ ഗസ്റ്റ് അധ്യാപികയായി നിയമനം നേടിയതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തെത്തി. ഈ വിദ്യാർഥിനിക്ക് എസ്എഫ്ഐയുമായി ബന്ധമുള്ളതായും കെഎസ്‌യു ആരോപിക്കുന്നു. പൂർവ വിദ്യാർഥി നടത്തിയ ക്രമക്കേടിൽ കോളജിന് യാതൊരു ബന്ധവുമില്ലന്നാണ് കോളജ് അധികൃതർ വ്യക്തമാക്കിയത്. മികച്ച കലാലയങ്ങൾക്കുള്ള ദേശീയ റാങ്കിങിൽ എറണാകുളം മഹാരാജാസ് കോളജ് 46-ാം സ്ഥാനം നേടിയ സന്ദർഭത്തിലാണ് ഈ വിവാദം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എന്‍ഐആർഎഫ്) എറണാകുളം മഹാരാജാസ് കോളജ് 46-ാം സ്ഥാനം നേടിയിരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിക്കുന്ന സമിതി ദേശീയ അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലിലാണ് കോളജുകളുടെ വിഭാഗത്തിൽ മഹാരാജാസ് 46-ാമതെത്തിയത്.
സംസ്ഥാനത്തെ മറ്റ് സർക്കാർ കോളജുകളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് 26-ാം സ്ഥാനവുമായി ആദ്യ അമ്പത് റാങ്കുകളിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്നും കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയന്‍സസ് (30), സെന്‍റ് തെരേസാസ് കോളജ് (41), തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് (45) എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ അമ്പതിലുണ്ട്.
അധ്യയനം, ഗവേഷണം തുടങ്ങി നിരവധി ഘടകങ്ങളെ ആസ്‌പദമാക്കിയുള്ള വിലയിരുത്തലാണ് എന്‍ഐആർഎഫ് നടത്തുന്നത്. കോളജിന്‍റെ സമഗ്രമായ പ്രവർത്തനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള ശേഷി, ഗവേഷണാവസരങ്ങൾ, പഠനാന്തരീക്ഷം എന്നിവയിലേക്ക് വിരൽ ചൂണ്ടുന്ന സൂചകങ്ങളാണിവ. സ്വയംഭരണ പദവി കൈവരിച്ച സംസ്ഥാനത്തെ പ്രമുഖ കോളജുകളിലൊന്നായ മഹാരാജാസ് വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലടക്കം മികച്ച മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ചത്.