എറണാകുളം: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനേഴ് പേരാണ് ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇന്നലെ രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണ കഴിച്ചതിന് ശേഷം ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട മൂന്ന് പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയിലും സാരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വാർത്ത പുറത്ത വന്നതോടെയാണ് ഇവിടെ നിന്നും ഭക്ഷണം കഴിച്ച കൂടുതൽ പേർ സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്കയച്ച ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടപ്പിച്ചു. സംഭവത്തില്‍ പറവൂർ നഗരസഭക്കെതിരെ ആരോപണമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.
വിഷയത്തിൽ നഗരസഭക്ക് വീഴ്‌ച പറ്റിയെന്നും വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം വിവരമറിഞ്ഞതെന്നും പ്രതിപക്ഷം ആരോപിച്ചു. ജില്ലയിലെ ഹോട്ടലുകളിൽ പരിശോധനകൾ ശക്തമായി തുടരുന്നതിനിടെ ഭക്ഷ്യ വിഷബാധയുണ്ടായത് പരിശോധനകൾ ഫലപ്രദമല്ലെന്നാണ് വ്യക്തമാക്കുന്നതാണെന്നും ആരോപണമുയരുന്നുണ്ട്.