എറണാകുളം: ബന്തിപ്പൂക്കൾ നിറഞ്ഞ് നയന മനോഹരമാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിസരം (Ernakulam block panchayat Flower farming). കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നട്ടുവളർത്തിയ ബന്തി പൂക്കളാണ് ഇവിടെ എത്തുന്നവർക്ക് കണ്ണിന് കുളിർമ പകരുന്നത്. പത്ത് സെന്‍റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്തിപ്പൂ കൃഷി ചെയ്‌തത്.
പൂക്കൾ മൊട്ടിട്ട് വിരിഞ്ഞതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പരിസരം പൂന്തോട്ട സമാനമായി മാറിയത്. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തന്നെയാണ് പൂകൃഷിക്ക് നേതൃത്വം നൽകിയത്. തൃശൂരിൽ നിന്നും എത്തിച്ച ഗുണമേന്മയുള്ള തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്.
ഓണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലും പരിസരത്തും ബന്തിപ്പൂ വലിയ രീതിയിൽ കൃഷി ചെയ്‌തിരുന്നു. ഇതേ മാതൃകയിലാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും പൂകൃഷി നടത്തിയത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂകൃഷി നടത്തിയതെന്ന് പ്രസിഡന്‍റ് കെ ജി രാധാകൃഷ്‌ണൻ പറഞ്ഞു.
കാടുപിടിച്ച് കിടന്ന സ്ഥലം വൃത്തിയാക്കി ബന്തി കൃഷി നടത്തി വിജയകരമായതോടെ ഇതിന്‍റെ സാധ്യത ഉപയോഗപെടുത്താനാണ് ഉദ്ദേശിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള മുഴുവൻ പഞ്ചായത്തുകളെയും ശുചിത്വ ഗ്രാമങ്ങൾ ആക്കി മാറ്റുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വിളവെടുത്ത ബന്തി പൂക്കൾ മൂവാറ്റുപുഴയിലെ പൂക്കടയിൽ വിൽപ്പന നടത്തി. തുടർന്നും പൂകൃഷി ഉൾപ്പടെ വ്യത്യസ്‌തമായ കൃഷികളുമായി മുന്നോട്ട് പോകാനാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.
ഓണ വിപണി ലക്ഷ്യമാക്കിയുള്ള പൂകൃഷി: പൊതുവെ ഓണം സീസണുകളിൽ പല ഇടങ്ങളിലും പൂകൃഷി തകൃതിയായി നടത്താറുണ്ട്. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളുമൊക്കെ ചേർന്ന് പലപ്പോഴും പൂകൃഷി ചെയ്യുകയും മികച്ച വിളവ് എടുക്കാറുമുണ്ട്. ഇക്കഴിഞ്ഞ ഓണം സീസണിൽ കോട്ടയം തിരുവാർപ്പിൽ വനിതകൾ ചെയ്‌ത പൂകൃഷി വൻ വിജയമായിരുന്നു.
Also read: കോട്ടയത്തിന് പൂക്കളമിടാൻ തിരുവാർപ്പില്‍ പൂപ്പാടം റെഡി
ഓണ വിപണി മുന്നിൽ കണ്ടായിരുന്നു വനിത തൊഴിലുറപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ പൂകൃഷി ചെയ്‌തത്. ഇതിന് മുൻപും ഇതേ വനിത സംഘം പഞ്ചായത്തിന്‍റെ സഹായത്തോടെ ബന്തിപ്പൂ കൃഷി ചെയ്‌തിരുന്നു. തിരുവാർപ്പ് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹായം പൂകൃഷിക്കായി ലഭിക്കും. കൃഷി ഭവനാണ് ഇവർക്കാവശ്യമായ തൈകൾ നൽകിയത്. 30 ദിവസമാകുന്ന തൈയാണ് നൽകുന്നത്. ഗ്രൂപ്പിലെ ഏഴ് വനിതകളാൾ ചേർന്നാണ് പൂന്തോട്ട പരിപാലനം.
കഴിഞ്ഞ ഓണം സീസണിൽ തന്നെയാണ് പയ്യന്നൂർ പെരുമ്പ കാർഷിക വികസന ബാങ്കിന്‍റെ മട്ടുപ്പാവിൽ ജീവനക്കാർ പൂപ്പാടം ഒരുക്കിയത്. 250ഓളം ഗ്രോബാഗുകളിൽ ചെണ്ടുമല്ലിത്തൈകൾ നട്ടു വളർത്തിയായിരുന്നു കൃഷി.
Also read: മട്ടുപ്പാവ് 'ചെണ്ടുമല്ലിപ്പാടം' ; വിപുലമായ പൂകൃഷിയുമായി ബാങ്ക് ജീവനക്കാര്‍