എറണാകുളം: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി എം.എം അൻവറിന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് അൻവറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ സാക്ഷികളെ സ്വാധിനിക്കാനോ പാടില്ല. രണ്ടാള്‍ ജാമ്യത്തില്‍ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ എം.എം അന്‍വര്‍ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്തന്നെന്നായിരുന്നു കേസ്.
ഇതേതുടര്‍ന്ന് ഒളിവില്‍ പോയ അന്‍വനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിയവേ മുന്‍കൂര്‍ ജാമ്യം തേടി അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് ജൂണ്‍ 20ന് അന്‍വര്‍ കീഴടങ്ങിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു പ്രതി. അന്‍വറിന്‍റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ കൗലത്തും ചേർന്ന് സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ട് വഴി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പ്രതി 10,54,000 രൂപ കൈക്കലാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
കലക്ട്രേറ്റ് ജീവനക്കാരനായ ഒന്നാം പ്രതി വിഷ്‌ണു പ്രസാദും അന്‍വറും ഉള്‍പെടെയുള്ള പ്രതികള്‍ തട്ടിപ്പിനായി ഗൂഡാലോചന നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിഷ്‌ണു പ്രസാദ് രണ്ട് തവണയായി അന്‍വറിന്‍റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കൊച്ചി പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.