എറണാകുളം: കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളായ മൂന്ന് പ്രാദേശിക നേതാക്കളെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.എം അൻവർ, എം. നിധിൻ , അൻവറിന്‍റെ ഭാര്യ കൗലത് അൻവർ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണമുയർന്നതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ എന്നിവരെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കാക്കനാട് കലക്ട്രേറ്റിലെ പ്രളയ സഹായ വിതരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന സെക്ഷൻ ക്ലർക്ക് വിഷ്‌ണു പ്രസാദ്, എം.എം. അൻവറിന്‍റെ അക്കൗണ്ടിലേക്ക് പ്രളയ ഫണ്ടിൽ നിന്നും പത്തര ലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്തതായി കണ്ടെത്തിയിരുന്നു. ബാങ്ക് ജീവനക്കാരിയായ അൻവറിന്‍റെ ഭാര്യയ്ക്കും ഇതിൽ പങ്കുണ്ടായിരുന്നു. കലക്‌ടർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പണം തിരിച്ച് പിടിക്കുകയും വിഷ്‌ണു പ്രസാദിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പ്രളയ തട്ടിപ്പ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് വിഷ്‌ണു പ്രസാദിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിധിന്‍റെ അക്കൗണ്ടിലേക്കും പണം കൈമാറിയെന്ന വിവരം കണ്ടെത്തിയത്. ഇതോടെ നിധിനെയും ഭാര്യ ഷിന്‍റുവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. മൂന്നാം പ്രതിയായ അൻവർ ഒളിവിലാണ്. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് മൂന്ന് പ്രാദേശിക നേതാക്കളെ പാർട്ടി പുറത്താക്കിയത്.