എറണാകുളം: പ്രളയഫണ്ട് തട്ടിപ്പിലും അയ്യനാട് ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയിലും പാർട്ടി തലത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ച് സിപിഎം. സംഭവം വിവാദമാവുകയും പാർട്ടി പ്രതികൂട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് വിഷയത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിശ്ചയിച്ചത്. പി.എം ഇസ്മയിൽ, പി.ആർ മുരളി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പെടെ ആരോപണ വിധേയരായവരിൽ നിന്നും അന്വേഷണ കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം കളമശ്ശേരി ഏരിയാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
പ്രളയ ഫണ്ട് തട്ടിപ്പിൽ പ്രതികളായ മൂന്ന് പ്രാദേശിക നേതാക്കാളെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സിയാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിയാദിന്‍റെ കുടുംബം പൊലീസിന് കൈമാറിയ ആത്മഹത്യാ കുറിപ്പിൽ കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, ലോക്കൽ കമ്മിറ്റി പ്രസിഡന്‍റ് ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി നിസാർ എന്നിവരാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കമ്മീഷൻ ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും.