എറണാകുളം: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയാറാക്കിയ ബ്ലൂ ഇക്കണോമി സമുദ്ര സമ്പത്ത് വ്യവസ്ഥ കരട് രേഖക്കെതിരെ മത്സ്യബന്ധന മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. ദേശീയ ഫിഷറീസ് നയത്തിന് പിന്നാലെ അതിനേക്കാൾ ഗൗരവമേറിയ നയരേഖയാണ് കേന്ദ്ര സർക്കാർ പുറത്തു വിട്ടിരിക്കുന്നതെന്നാണ് മത്സ്യബന്ധന മേഖലയിലെ സംഘടനകൾ ചൂണ്ടികാണിക്കുന്നത്. ബ്ലൂ ഇക്കോണമി കരട് രേഖ കഴിഞ്ഞ ഫെബ്രുവരി 17ന് പുറത്തിറക്കുകയും ഫെബ്രുവരി 27നകം സംസ്ഥാനങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങളും അഭിപ്രായമറിയിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇന്ത്യൻ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തീരവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും ഉപജീവനാവകാശങ്ങളെ ഹനിക്കുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നതാണ് നയരേഖയെന്നാണ് ആരോപണം.
തീരക്കടലിലെ അടിത്തട്ടിലെ സമ്പത്ത് ഖനനം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശം എടുത്ത് മാറ്റാനുള്ള നീക്കവും പുതിയ നയരേഖയിലുണ്ടെന്നാണ് വിമർശനം. ഇതിനായി തീരദേശ പരിപാലന വിജ്ഞാപനം തന്നെ മാറ്റിയെഴുതുന്ന സൂചനയും രേഖ നൽകുന്നു. സാഗർ മാല പദ്ധതിയുടെ ഭാഗമായി വരുന്ന കൂറ്റൻ പദ്ധതികളും സംരംഭങ്ങളും തീരദേശ ജനതയുടെ ജോലിക്കും താമസത്തിനും വെല്ലുവിളിയാണ്. ഇന്ത്യയുടെ സമുദ്രമേഖലയെ സ്വദേശി കുത്തകകൾക്കും വൈദേശിക ശക്തികൾക്കും തീറെഴുതാനുള്ള തുറന്ന പ്രഖ്യാപനമാണ് ഈ നയരേഖ. മീനാകുമാരി റിപ്പോർട്ടിനെതിരേയുള്ള സമരത്തേത്തുടർന്ന് ഒഴിവാക്കിയ വിദേശ യാനങ്ങളുടെ തിരിച്ചുവരവിനും പുതിയ നയരേഖ കാരണമാകുമെന്നാണ് ആശങ്ക.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകർക്കുകയും സമുദ്രമേഖലയെ കുത്തകകൾക്കു തീറെഴുതുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും രാഷ്ട്ര പരമാധികാരത്തെ വിദേശ ശക്തികൾക്ക് അടിയറ വെക്കുകയും ചെയ്യുന്ന നയരേഖയാണ് സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും മത്സ്യബന്ധന സമൂഹം ആരോപിക്കുന്നു. സാധാരണ ഗതിയിൽ കേന്ദ്രസർക്കാരിന്‍റെ ഒരു രേഖയെ സംബന്ധിച്ച് അഭിപ്രായമറിയിക്കുന്നതിന് 60 ദിവസം മുതൽ 90 ദിവസം വരെ അനുവദിക്കുന്നതാണ്. വളരെ തിരക്കിട്ട് ഈ രേഖ അവതരിപ്പിച്ച് അംഗീകരിക്കാനുള കേന്ദ്ര സർക്കാർ നീക്കവും വിമർശനത്തിന് കാരണമാകുന്നു.