എറണാകുളം: ഫോർട്ട് കൊച്ചിയിൽ കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടിൽ മടങ്ങവെയാണ് ആലപ്പുഴ സ്വദേശിയായ സെബാസ്റ്റ്യന് വെടിയേറ്റത്. സെബാസ്റ്റ്യന്‍റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. കരയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെ വച്ചാണ് അൽ റഹ്മാൻ നമ്പർ വൺ എന്ന വള്ളത്തിലെ തൊഴിലാളിയായ സെബാസ്റ്റ്യന് വെടിയേറ്റത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിലെ പരിക്ക് ഗുരുതരമല്ല.
നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. സംഭവം പരിശോധിച്ച് വരികയാണെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.