എറണാകുളം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ മുവാറ്റുപുഴയിൽ പഴകിയതും വൃത്തിഹീനവുമായ മത്സ്യം പിടിച്ചെടുത്തു. മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി എന്നിവിടങ്ങളിലെ പത്തോളം കടകളിൽ നടത്തിയ പരിശോധയിൽ 30 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തതായി ഫുഡ് സേഫ്റ്റി ഓഫീസർ ബൈജു പി ജോസഫ് പറഞ്ഞു.
ലൈസൻസ് നിബന്ധനകൾ പാലിക്കാത്തതിനും വിഷമയമായ മത്സ്യം വിറ്റതിനുമുള്ള പിഴ നിശ്ചയിക്കുന്നതിന് ജില്ലാ ഓഫീസർക്ക് രേഖകൾ കൈമാറി. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തെയും ഏൽപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മിന്നൽ പരിശോധന വിവരം ചോർന്നതിനാൽ നഗരത്തിലെ പല മത്സൃ വിൽപ്പന ശാലകളും ഇന്നു തുറന്നില്ല എന്ന ആരോപണവുമുണ്ട്.