എറണാകുളം: സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എൻറോൾ ചെയ്‌ത് പത്മലക്ഷ്‌മി. 1528 അഭിഭാഷകര്‍ക്കൊപ്പമായിരുന്നു കേരള നിയമ ചരിത്രത്തില്‍ പത്മലക്ഷ്‌മി സ്വന്തം പേര് എഴുതി ചേര്‍ത്തത്. അഭിഭാഷകയെന്ന ജോലിയ്‌ക്ക് അപ്പുറം നേടിയെടുത്ത ഈ വിജയം ജീവിതം സമരം കൂടിയാണ് പത്മയ്‌ക്ക്.
കടന്നുവന്ന വഴികളിൽ നേരിട്ട വെല്ലുവിളികളെ ഊർജമായി സ്വീകരിച്ചാണ് പത്മലക്ഷ്‌മി തന്‍റെ ആഗ്രഹം സഫലമാക്കിയത്. ജീവിതത്തിൽ പലപ്പോഴും അവഗണന നേരിട്ടപ്പോൾ സ്വന്തമായി മനസിലാക്കിയത് ഇതൊക്കെ നേരിടാനുള്ള ശക്തി വേണമെന്നാണ്. അതിന് ശക്തി പകരുന്ന ജോലി വേണമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അഭിഭാഷകയാവാൻ തീരുമാനിച്ചതെന്നും പത്മ പറയുന്നു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്‍റെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ശബ്‌ദമാകുകയാണ് തന്‍റെ ലക്ഷ്യമെന്ന് പത്മലക്ഷ്‌മി വ്യക്തമാക്കി. ധൈര്യത്തോടെ മുന്നോട്ട് പോകാനുളള ആത്മവിശ്വാസം നൽകിയത് മാതാപിതാക്കളാണ്. അതോടൊപ്പം അഭിഭാഷക സമൂഹവും ഇപ്പോൾ വലിയ പിന്തുണയാണ് നൽകുന്നത്.
അഭിഭാഷകയാകണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. ഇനി നല്ലൊരു വക്കീലായി പെർഫോം ചെയ്യണം ഭാവിയിൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിക്കണം തുടങ്ങി നിയമത്തിന്‍റെ വഴിയിൽ പുതിയ മാതൃകകൾ തീർക്കുകയാണ് അഡ്വക്കേറ്റ് പത്മയുടെ ലക്ഷ്യം. ഇതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസുമായാണ് പത്മ വക്കീൽ കോട്ടണിഞ്ഞത്.
ഞായറാഴ്‌ച അഭിഭാഷകരായി സനദ് എടുത്ത 1528 പേരിൽ ഒന്നാമതായാണ് പത്മ എൻറോൾ ചെയ്‌തത്. ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് ഡയസിൽ നിന്നും സനദ് സ്വീകരിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ ഹൈക്കോടതിയിൽ ഇതേ ജഡ്‌ജിയുടെ ബെഞ്ചിൽ ഒരു കേസിൽ ഹാജാരാകാനും അഡ്വക്കേറ്റ് പത്മയ്ക്ക് കഴിഞ്ഞു. ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് ത്രീ ഇയർ എൽഎൽബി പൂർത്തിയാക്കിയത്.
തന്‍റെ ജെൻഡറിനെ നേരത്തെ തിരിച്ചറിഞ്ഞെങ്കിലും എൽഎൽബി അവസാന വർഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെ കുറിച്ച് സംസാരിച്ചത്. വളരെ പോസിറ്റീവായാണ് അവർ പ്രതികരിച്ചത്. മുന്നോട്ട് പോകാൻ കുടുംബം പിന്തുണ നൽകിയിരുന്നു. എന്ത് കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടത് എന്ന് അച്ഛനും അമ്മയും പറഞ്ഞതാണ് ജീവിതത്തിൽ വലിയ കരുത്തായി മാറിയതെന്നും പത്മ പറഞ്ഞു.
തെറ്റൊന്നും ചെയ്യാത്ത താൻ സമൂഹം എന്ത് കരുതുന്നുവെന്ന് ചിന്തിക്കാറില്ല. എല്ലാം പോസിറ്റീവായി കാണുന്നതാണ് തന്‍റെ സ്വഭാവമെന്നും പത്മ സ്വയം വിലയിരുത്തുന്നു. മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകരുതെന്ന് തീരുമാനിച്ചതിനാലാണ് തന്‍റെ സ്വത്വം മറച്ച് പിടിച്ച് ജീവിച്ചത്. നിയമപഠനം പൂർത്തിയാക്കിയാൽ തന്‍റെ ജീവിതത്തെക്കുറിച്ച് അവർക്ക് ആശങ്കയുണ്ടാവില്ലെന്ന് വിശ്വസിച്ചു. ഇതിന് മുമ്പ് തന്നെ ഹോർമോൺ ചികിത്സ തുടങ്ങിയിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പഠനത്തോടെപ്പം ചെറിയ ചെറിയ ജോലികൾ ചെയ്‌തായിരുന്നു പണം കണ്ടത്തിയത്. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും പത്മലക്ഷ്‌മി പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ അഭിഭാഷകരായി കടന്നുവരണമെന്നും അവർക്ക് ആവശ്യമായ മുഴുവന്‍ പിന്തുണയും നൽകുമെന്നും പത്മലക്ഷ്‌മി പറഞ്ഞു. തിരക്കുകൾക്കിടയിലും തന്നെ അഭിനന്ദിച്ച് ഫേസ് ബുക്കിൽ കുറിപ്പിട്ട മന്ത്രി പി.രാജീവിനോടും പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ് അഡ്വക്കേറ്റ് പത്മലക്ഷമി.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്: ''ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്‌ത പത്മലക്ഷ്‌മിക്ക് അഭിനന്ദനങ്ങൾ എന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസങ്ങൾ അനവധിയുണ്ടാകും.
നിശബ്‌ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമ ചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്‌മി എഴുതിച്ചേർത്തിരിക്കുന്നത്. നീതിക്കായുള്ള പോരാട്ടത്തിൽ ഏത് ഭാഗത്ത് നിൽക്കണമെന്ന് പത്മലക്ഷ്‌മി കടന്നുവന്ന വഴികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്‍റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ് ലക്ഷ്യമെന്ന പത്മലക്ഷ്‌മിയുടെ വാക്കുകൾ അത്രമേൽ മൂർച്ചയുള്ളതാണ്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കൂടുതലാളുകൾ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്‌മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്‌മിയെയും എൻറോൾ ചെയ്‌ത 1528 അഭിഭാഷകരെയും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നതായി'' മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.