കൊച്ചി: സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസില്‍ ഫാദർ പോൾ തേലക്കാട്ടിന്‍റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖകള്‍ ഇ- മെയില്‍ വഴി ലഭിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തേലക്കാട്ടിന്‍റെ കലൂരിലെ സത്യദീപം ഓഫീസിൽ നടന്ന പരിശോധനയില്‍ കര്‍ദിനാളിന് എതിരായ രേഖകള്‍ ലഭിച്ചതായി പൊലീസ് കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി ഓഫീസ് കമ്പ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ മൊഴി നേരത്തേ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
കര്‍ദിനാള്‍ തന്‍റെ പേരിലുള്ള രഹസ്യ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് കാണിക്കുന്ന രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചുവെന്നായിരുന്നു പരാതി. ഈ രേഖകള്‍ ഫാദര്‍ പോള്‍ തേലക്കാട്ട് സഭാ സിനഡില്‍ ഹാജരാക്കി. ഇതിന് പിന്നാലെ സിനഡിന് വേണ്ടി സഭയുടെ മീഡിയ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോബി മാപ്രക്കാവില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലായിരുന്നു തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനുമെതിരെ പൊലീസ് കേസെടുത്തത്.