എറണാകുളം: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം.സി ഖമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീൻ സമർപ്പിച്ച ഹർജി ഹൈകോടതി തള്ളി. ഹർജിയിൽ ഈ ഘട്ടത്തിൽ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി. അന്തിമ റിപോർട്ട് സമർപ്പിച്ചതിന് ശേഷം പ്രതിക്ക് കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.
ഖമറുദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കും, തട്ടിപ്പിന്‍റെ സൂത്രധാരൻ ഖമറുദീനാണ്, പ്രതികൾ പോപ്പുലർ ഫിനാൻസ് മാതൃകയിൽ നിക്ഷേപ തട്ടിപ്പ് നടത്തി, സ്വന്തം ആവശ്യത്തിനായി പണം തിരിമറി നടത്തി, ഖമറുദീൻ ദൈനം ദിന പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നു, ഒരു ലക്ഷം രൂപ പ്രതിമാസം ശമ്പളം കൈപറ്റിയിരുന്നു തുടങ്ങിയ സർക്കാർ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഖമറുദീന്‍റെ ഹർജി തള്ളിയത്. വഞ്ചനാ കുറ്റം നിലനിൽക്കില്ലന്നും പരാതിക്കാർ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കണമെന്ന ഖമറുദീന്‍റെ വാദം കോടതി അംഗീകരിച്ചില്ല.