എറണാകുളം : പിറവം പൈങ്കുറ്റിയില്‍ വന്‍ കള്ളനോട്ട് വേട്ട. വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 7,57,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തെന്നാണ് വിവരം.
സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വണ്ടിപ്പെരിയാർ, നെടുങ്കണ്ടം, കോട്ടയം, തൃശൂർ സ്വദേശികളാണ് പിടിയിലായവര്‍.
കഴിഞ്ഞ ദിവസം ഒരു പച്ചക്കറി കടയിൽ കിട്ടിയ കള്ളനോട്ടില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് ഒൻപത് മാസത്തിലേറെയായി പ്രവര്‍ത്തിച്ചുവന്ന കള്ളനോട്ട് നിർമാണ സംഘം വലയിലായത്.
സീരിയൽ നിര്‍മാണത്തിനെന്ന വ്യാജേനയാണ് ആറംഗ സംഘം ഏഴ് മാസം മുമ്പ് വീട് വാടകയ്‌ക്കെടുക്കുന്നത്. വൻമേലിൽ പുത്തൻപുരയിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. എടിഎസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ആലുവ റൂറൽ എസ്‌പി കെ.കാർത്തിക് പറഞ്ഞു.
ഇവിടെ നിന്നും നോട്ട് എണ്ണുന്ന മെഷീൻ, പ്രിന്‍റര്‍, നോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ എന്നിവ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു.
പുത്തൻകുരിശ് ഡിവൈഎസ്‌പി ജി.അജയനാഥ്, കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ മോഹൻദാസ്, പിറവം സ്റ്റേഷൻ ഹൗസ് ഓഫിസർ സാംസൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് അന്വേഷണം തുടരുകയാണ്.