എറണാകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ഗസ്റ്റ് ലക്‌ചററായി ജോലി നേടിയ കേസിലെ പ്രതി കെ വിദ്യയുടെ കാലടി സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ. വിദ്യയുടെ ഗവേഷക ഗൈഡായിരുന്ന പ്രൊഫസര്‍ ബിച്ചു എക്‌സ് മലയിലിന്‍റെ അപേക്ഷയും 2019 പി എച്ച് ഡി മലയാളം പ്രവേശനത്തെ സംബന്ധിക്കുന്ന പരാതികളും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം വിശദമായി പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിന്‍റെ ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായ വിദ്യയ്‌ക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെ തുടര്‍ നടപടികള്‍ക്കായി കൊച്ചി പൊലീസ് കേസ് അഗളി പൊലീസിന് കൈമാറിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.
ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് വിദ്യയ്‌ക്കെതിരെ കേസെടുത്തത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ ചമച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്.
കേസിലെ പരാതിക്കാരന്‍ മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ വി എസ് ജോയിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർഥിനി കെ വിദ്യയ്‌ക്കെതിരെയാണ് പ്രിൻസിപ്പാളിന്‍റെ പരാതിയിൽ അന്വേഷണസംഘം ചൊവ്വാഴ്‌ച (ജൂണ്‍ 6) കേസെടുത്തത്.
വ്യാജരേഖ ചമച്ച് സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി ഈ പൂർവ വിദ്യാർഥിനി ജോലി ചെയ്‌തിരുന്നു. തുടർന്ന് അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിനും എത്തി. എന്നാൽ കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടി ഗവ.കോളജിലെ അധ്യാപകർ മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെയാണ് വ്യാജരേഖയാണെന്ന് പരിശോധനയിൽ വ്യക്തമായത്.
കോളജ് എംബ്ലവും സീലും വ്യാജമായി നിര്‍മിച്ചു: അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെ വിദ്യ മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമിച്ചത്. കോളജിന്‍റെ എംബ്ലവും, പ്രിൻസിപ്പാളിന്‍റെ സീലും വ്യാജമായി നിർമിച്ച് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി നിര്‍മിച്ചെടുക്കുകയുമായിരുന്നു.
ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ ഇവര്‍ ജോലി നേടിയിരുന്നു. മലയാളം വിഭാഗത്തിൽ 2021- 22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്യുകയും ചെയ്‌തു. ഇതേ തുടർന്ന് കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളജിലും ഇവർ ഗസ്റ്റ് ലക്ചററായി നിയമനം നേടി.
പത്ത് വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം വേണ്ടി വന്നിട്ടില്ലെന്ന് പ്രിൻസിപ്പാള്‍ വി എസ് ജോയി വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
ആരോപണവുമായി കെഎസ്‌യു രംഗത്ത്: തുടർച്ചയായി സർക്കാർ കോളേജുകളിൽ ഗസ്റ്റ് ലക്ചററായി നിയമനം നേടിയതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തുണ്ട്. ഈ വിദ്യാർഥിനിക്ക് എസ്‌എഫ്‌ഐ ബന്ധമുള്ളതായും ഇവർ ആരോപിക്കുന്നു. കോളജിന് വിദ്യാർഥി നടത്തിയ ക്രമക്കേടിൽ യാതൊരു ബന്ധവുമില്ലന്നാണ് കോളേജ് വ്യക്തമാക്കിയത്.