എറണാകുളം : വ്യാജരേഖ ചമച്ച് ജോലിനേടാൻ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ. ഹർജിയിൽ സിംഗിൾ ബഞ്ച് സർക്കാരിന്‍റെ നിലപാട് തേടി.
വെള്ളിയാഴ്‌ചയാണ് വിദ്യ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്തിട്ടുള്ള കള്ളക്കേസാണിത്. അന്വേഷണവുമായി സഹകരിക്കും. ഏത് വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും മുൻകൂർ ജാമ്യഹർജിയിൽ വിദ്യ വാദിക്കുന്നു. ഇക്കഴിഞ്ഞ ആറിനാണ് എറണാകുളം സെൻട്രൽ പൊലീസ് വ്യാജരേഖ ചമയ്ക്കൽ കുറ്റമടക്കം ചുമത്തി വിദ്യയ്‌ക്കെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിൽ കഴിയുകയാണ് വിദ്യ. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് കേസ്. അട്ടപ്പാടി സർക്കാർ കോളജിൽ ഇന്‍റര്‍വ്യൂ വേളയില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതാണ് വഴിത്തിരിവായത്.- പിന്നീട് മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍, രേഖകൾ വ്യാജമെന്ന് സ്ഥിരീകരിക്കുകയുമുണ്ടായി.
'ഒരേ സമയം ഫെലോഷിപ്പും ശമ്പളവും കൈപ്പറ്റി': എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കെ വിദ്യയ്‌ക്കും എസ്എഫ്ഐക്കുമെതിരെ ആരോപണം കടുപ്പിച്ച് കെഎസ്‌യു രംഗത്തെത്തി. ജൂണ്‍ 10ന്, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്. വ്യാജരേഖ തയ്യാറാക്കിയത് എസ്എഫ്ഐ ഭാരവാഹിയായിരിക്കെയാണ്. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മബന്ധമുള്ള ഇവര്‍, 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്‌കൃത സർവകലാശാല സെന്‍ററിൽ എംഫിൽ ചെയ്‌തിട്ടുണ്ട്.
അതേകാലയളവിൽ, തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കരാചാര്യ കോളജിൽ മലയാളം ഡിപ്പാർട്ട്മെന്‍റ് ഗസ്റ്റ് ലക്‌ചററായി വിദ്യ ജോലി ചെയ്‌തു. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫെലോഷിപ്പും കോളജിൽ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. വിദ്യ എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകൾ ഒന്നും കാണിച്ചതെന്നാണ് നേതാക്കള്‍ നേരത്തേ വാദിച്ചത്. സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമടക്കം ഇത് ആവർത്തിച്ച് പറയുകയും വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ആ വാദം പൊളിഞ്ഞെന്നും ഷമ്മാസ് പറഞ്ഞു.
എസ്എഫ്ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബർ 25ന് സംസ്‌കൃത സർവകലാശാല യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി. യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019 - 20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം വിദ്യ നേടിയതെന്നും ഷമ്മാസ് ആരോപിച്ചു.