എറണാകുളം : വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ജാമ്യം. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പിജി പ്രവേശനം നേടിയ നിഖിൽ തോമസിന് ജസ്‌റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ജാമ്യം. രാഷ്ട്രീയ കിടമത്സരത്തിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം.
സംഭവം ഇങ്ങനെ: പിജി പ്രവേശനം നേടുന്നതിന് നിഖിൽ എംഎസ്എം കോളജിൽ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റായിരുന്നു നൽകിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകാലാശാല വിസിയും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിഖിലിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു. താൻ നിരപരാധിയാണെന്നും അബിൻ രാജാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് നിഖിൽ ഹൈക്കോടതിയെ സമീപിച്ചത്.
പ്രശ്‌നം വിവാദമായതിന് പിന്നാലെ എസ്എഫ്ഐയിൽ നിന്ന് നിഖിലിനെ പുറത്താക്കി. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ കായംകുളം എംഎസ്എം കോളജ് നിഖിലിനെ സസ്‌പെന്‍ഡ് ചെയ്‌തു. മുൻ എസ്എഫ്ഐ നേതാവ് അബിൻ.സി രാജിന്‍റെ സഹായത്തോടെ കൊച്ചിയിലെ ഒരു ഏജൻസിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് നിഖിൽ സംഘടിപ്പിച്ചത്. ഇതിനായി 2020ൽ അബിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നിഖിൽ ട്രാൻസ്‌ഫർ ചെയ്‌തിരുന്നു.
Also Read: നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ; തീരുമാനം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തില്‍
സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് പ്രത്യേക സെല്‍ : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോമിന് പ്രവേശനം നേടിയ നിഖിലിന്‍റെ അറസ്‌റ്റിന് പിന്നാലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ കേരള സര്‍വകലാശാല പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. രജിസ്ട്രാർ, കൺട്രോളർ, ഐക്യുഎസി കോ ഓർഡിനേറ്റർ എന്നിവർ ഉൾപ്പെട്ടതാണ് സമിതി. സംസ്ഥാനത്തിന് പുറത്തുള്ള സർട്ടിഫിക്കറ്റുകളും ഇവര്‍ വിശദമായി പരിശോധിക്കും.
വിശദീകരണവും അതൃപ്‌തിയും : നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയം ഉയര്‍ന്നപ്പോള്‍ കോളജ് പ്രിൻസിപ്പാള്‍ നൽകിയ വിശദീകരണത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പാള്‍ സംഭവത്തിൽ നല്‍കിയ വിശദീകരണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അതൃപ്‌തി. മാത്രമല്ല ഈ വിശദീകരണം പരിശോധിക്കാൻ രജിസ്ട്രാർക്ക് അദ്ദേഹം നിർദേശവും നൽകിയിരുന്നു.
നിഖിൽ തോമസ് പഠിച്ച കാലത്തെ അധ്യാപകർ വിരമിച്ചെന്ന കായംകുളം എംഎസ്എം കോളജിന്‍റെ വാദവും വിസി തള്ളിയിരുന്നു. അധ്യാപകർ വിരമിച്ചെന്ന വാദം ശരിയല്ലെന്നും ആ കോളജിൽ വേറെയും ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റുകൾ ഒറിജിനലാണോ എന്ന് പരിശോധിക്കേണ്ടത് കോളജാണെന്നും യൂണിവേഴ്‌സിറ്റി അല്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. എന്നാൽ എംഎസ്എം കോളജിൽ പരിശോധിക്കാൻ പരിമിതിയുണ്ടെന്നായിരുന്നു അധികൃതരുടെ വാദം.