കൊച്ചി : സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം 110 രൂപ നിശ്ചിത ഫീസ് അടയ്ക്കാതിരുന്നതും വിവാഹത്തിന്‍റെ രജിസ്ട്രേഷൻ വൈകിയതും മുടക്കിയത് ദമ്പതികളുടെ സൗദി യാത്ര.
മിശ്ര വിവാഹിതരായ ദമ്പതികളാണ് ഫീസ് അടയ്ക്കാൻ വൈകിയത് മൂലം വലഞ്ഞത്. സൗദിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് വധു.
ജൂൺ 11നാണ് ദമ്പതികൾ വിവാഹ ഓഫിസർക്ക് മുൻപാകെ നോട്ടിസ് നൽകുന്നത്. എന്നാൽ ഇതിനൊപ്പം ഫീസ് അടച്ചിരുന്നില്ല.
ഫീസ് അടയ്ക്കാത്തതിനാൽ കേരള സ്പെഷ്യൽ മാര്യേജ് ആക്ട് 1958 പ്രകാരമുള്ള നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന വിവരം അറിയുന്നത് ആഴ്ചകൾ കഴിഞ്ഞാണ്.
ഇരുവരും ജൂലൈ 9ന് ഫീസ് അടച്ചു. എന്നാൽ നോട്ടിസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങൾക്ക് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഓഗസ്റ്റ് 5നായിരുന്നു വധുവിന് മടങ്ങിപ്പോകേണ്ട തീയതി. അതിനുമുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല.
മാര്യേജ് ഓഫിസർ ഓഗസ്റ്റ് 5ന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയും ഇരുവരെയും കൈയ്യൊഴിഞ്ഞു.
ഫീസ് അടയ്ക്കാതെ നോട്ടിസ് നൽകിയാൽ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നോട്ടീസ് നൽകിയതായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ അവസാനം വധു തന്‍റെ സൗദിയിലേക്കുള്ള മടക്കയാത്ര മാറ്റിവച്ചു. ഓഗസ്റ്റ് 9ന് ശേഷം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള തിയ്യതി മാര്യേജ് ഓഫിസർ നൽകും.
Also Read: മാനസയുടെ കൊലപാതകം : പ്രതികളായ ബിഹാർ സ്വദേശികള്‍ റിമാന്‍ഡില്‍
ഭർത്താവിന് യുവതിക്കൊപ്പം സൗദിയിലേക്ക് പോകുന്നതിനുള്ള വിസ ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമാണ്.