എറണാകുളം : യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ മുൻ, ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു (Ex gov pleader PG Manu anticipatory bail HC). തന്‍റെ തൊഴിൽ മേഖലയിലെ ശത്രുക്കൾ ആണ് പരാതിക്കാരിക്ക് പിറകിലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹർജിയിൽ പറയുന്നു. എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ്, മുൻ സർക്കാർ അഭിഭാഷകനായ പി ജി മനു ഹൈക്കാടതിയിൽ ഹർജി നൽകിയത്.
പ്രതിഛായ തകർക്കാനും തന്‍റെ കരിയർ നശിപ്പിക്കാനും ആണ് ഇത്തരമൊരു പരാതി. സോഷ്യൽ മീഡിയ വഴിയും തന്നെ അപകീർത്തിപ്പെടുത്തുന്നതായും ഇയാള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇത് തന്‍റെ കുടുംബ ജീവിതം തകർക്കുന്നതാണെന്നും ഹർജിക്കാരൻ പറയുന്നു (Ex gov pleader PG Manu approaches HC).
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും മനു പറയുന്നു. അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിയിലെ ആവശ്യം. ബലാത്സംഗ കേസിൽ ഉൾപ്പെട്ടതോടെ പി ജി മനുവിനെ സർക്കാർ അഭിഭാഷക സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. കേസിന്‍റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി വക്കീല്‍ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബലാത്സംഗം, ഐ.ടി ആക്‌ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Also Read: ലൈംഗിക പീഡനക്കേസ്; സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി
കോടതി കയറുന്ന നവകേരള സദസ് : ഒല്ലൂർ മണ്ഡലം നവകേരള സദസ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരിപാടി പുതിയ വേദിയിലേക്ക് മാറ്റുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് സുവോളജിക്കൽ പാർക്കിൽ പരിപാടി നടത്തുന്നതിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു (Gov in HC on Nava Kerala Sadas).
നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന ചോദ്യം ഹർജി പരിഗണിക്കവെ ഹൈക്കോടതി ഉന്നയിച്ചിരുന്നു. സുവോളജിക്കൽ പാർക്കിന്‍റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്നും കോടതി ചോദിച്ചിരുന്നു. തുടർന്ന് കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന നിലപാടിലേക്ക് സർക്കാർ എത്തി.
മൃഗശാലയല്ല, കാർ പാർക്കിങ് ഏരിയയാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു നേരിട്ട് ഹാജരായിക്കൊണ്ട് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചത്.
പരിപാടിക്ക് മൈക്കും സ്‌പീക്കറും ഉപയോഗിക്കില്ലേയെന്ന കോടതിയുടെ ചോദ്യത്തിന്, മൈക്ക് ഉപയോഗത്തിന് മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും, കുറഞ്ഞ ശബ്‌ദമേ ഉണ്ടാകൂ എന്നും പാർക്ക് ഡയറക്‌ടർ വ്യക്തമാക്കുകയും ചെയ്തെങ്കിലും കോടതി എതിർപ്പ് അറിയിച്ചു.
പിന്നീട് ഉച്ചയ്ക്ക് വീണ്ടും ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ വേദി മാറ്റിയതായി സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. പാർക്കിന്‍റെ സ്ഥലം വന്യജീവി സംബന്ധമായ പരിപാടികൾക്ക് മാത്രമേ അനുവദിക്കാവൂ എന്നായിരുന്നു വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാട്.