എറണാകുളം: ഫോർട്ട് കൊച്ചി കടപ്പുറത്തെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. കൊച്ചിൻ പോർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. നാൽപതോളം കച്ചവട ഷെഡുകളാണ് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. മുന്നറിയിപ്പ് നൽകാതെയാണ് പൊളിക്കൽ നടപടിയെന്ന് ആരോപിച്ച് വഴിയോരക്കച്ചവടക്കാർ പ്രതിഷേധിച്ചു.
തങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കരുതെന്നും തങ്ങൾക്ക് പുനരധിവാസ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു. വൻ പൊലീസ് സന്നാഹത്തോടെയാണ് നഗരസഭ അധികൃതർ ഷെഡുകൾ പൊളിച്ചുനീക്കിയത്. കടപ്പുറത്ത് എത്തുന്ന സഞ്ചാരികൾക്ക് വഴിയോരക്കച്ചവടം ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നു. വിദേശ സഞ്ചാരികളിൽ നിന്നടക്കം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. കഴിഞ്ഞ മാസവും ഇത്തരത്തിൽ അമ്പതോളം കടകൾ നീക്കം ചെയ്‌തിരുന്നു. സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗിന്‍റെ നേതൃത്വത്തിലാണ് കടകൾ പൊളിച്ചുനീക്കിയത്.