എറണാകുളം : സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സർചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കൊച്ചിയിൽ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. കണയന്നൂർ താലൂക്ക് ഓഫിസിലേക്കായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് താലൂക്ക് ഓഫിസിന് മുന്നിൽ ബാരിക്കേഡ് വച്ച് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർന്ന് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ടയറുകൾ റോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും കുപ്പിവെള്ളം പൊലീസിനുനേരെ വലിച്ചെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഇവിടെ നിന്നും പിന്തിരിഞ്ഞോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരിൽ ചിലരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്തുനീക്കുകയായിരുന്നു. അതേസമയം പൊലീസ് വാഹനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നു.
പരിക്കേറ്റ ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, ദേശീയ കോര്‍ഡിനേറ്റർ ദീപക് ജോയ്, ജില്ല സെക്രട്ടറി അബ്‌ദുൾ റഷീദ്,ബ്ലോക്ക് സെക്രട്ടറി സോണി പനന്താനം, പ്രവർത്തകരായ അർജുൻ മദനൻ, ഫിജോ മാളവന എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് കൊച്ചിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.