എറണാകുളം: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കുമാണ് ഉദ്‌ഘാടനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഇരു പാലങ്ങളുടെയും ഭാര പരിശോധന പൂർത്തിയാക്കിയിരുന്നു. പരിശോധനയുടെ അന്തിമ റിപ്പോർട്ട് ദേശിയ പാത വിഭാഗം ചീഫ് എഞ്ചിനീയർ ഗവൺമെന്‍റിന് സമർപ്പിച്ചതോടെയാണ് ഉദ്‌ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനമായത്. സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകളുടെ ഭാഗമായാണ് പാലങ്ങളുടെ ഭാര പരിശോധന പൂർത്തിയാക്കിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങൾ നിർമിച്ചിരിക്കുന്നത്.
ദേശീയ പാത 66 ൽ ഏറ്റവും തിരക്കേറിയ വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളിൽ മേൽപാലമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഇതേ പാതയിൽ പാലാരിവട്ടം മേൽപാലം കൂടി പുതുക്കി പണിയുന്നതോടെ സുഗമമായ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.