എറണാകുളം: എറണാകുളം പൊന്നുരുന്നിയില്‍ ടാറിങ് പൂര്‍ത്തിയായതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി കുഴിയെടുത്ത റോഡ് ഇന്ന് രാത്രി ടാര്‍ ചെയ്‌ത് ഗതാഗത യോഗ്യമാക്കും. ടാറിങ് പൂര്‍ത്തിയാക്കിയ റോഡില്‍ കുഴിയെടുത്തതിനെതിരെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. കലക്‌ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതോടെയാണ് ഉപരോധം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്.
കാലങ്ങളായി പൊളിഞ്ഞ് കിടന്നിരുന്ന വൈറ്റില-പൊന്നുരുന്നി റോഡിന്റെ റീടാറിങ് നടപടികൾ പൂര്‍ത്തിയായതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി റോഡ് കുഴിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കുടാതെ അനുമതിയില്ലാതെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡ് കുത്തിപ്പൊളിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള അനുമതി കഴിഞ്ഞ മാസം തങ്ങൾക്ക് ലഭിച്ചിച്ചുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. ഇരുവിഭാഗത്തെയും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നാണ് കലക്‌ടര്‍ പരിഹാരം നിര്‍ദേശിച്ചത്.